aneesh-murder

തിരുവനന്തപുരം: മകളെ കാണാൻ പുലർച്ചെ വീട്ടിലെത്തിയ പത്തൊൻപതുകാരനെ ഗൃഹനാഥൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട അനീഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പ്രതിയായ സൈമൺ ലാലൻ തക്കം പാർത്തിരുന്ന് കൊലനടത്തിയെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.

അനീഷിനെ കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന് ആദ്യം നൽകിയ മൊഴിയിൽ പ്രതി സൈമൺ ലാലന് അധികനേരം ഉറച്ചുനിൽക്കാനായില്ല. ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി പൊലീസിനോട് തുറന്നു പറഞ്ഞു. കുത്തിയ കത്തി വീടിന് മുൻവശത്തുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും എന്നെ കൊണ്ടുപോയാൽ കാണിച്ചുതരാമെന്നും പറഞ്ഞ് ലാലൻ പൊട്ടിക്കരഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ രക്തം പുരണ്ട കത്തി പൊലീസ് കണ്ടെടുത്തു.

അനീഷ് അസമയത്ത് വീട്ടിലെത്തുമെന്ന് ലാലന് നേരത്തെ അറിയാമായിരുന്നു. അനീഷിനെ പിടികൂടുന്നതിനായി പ്രതി രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നെന്നും പൊലീസ് പറയുന്നു. ചൊവാഴ്ച രാത്രി അനീഷിന്റെ ഫോണിൽ നിന്ന് രാത്രി 1.37 വരെ പെൺകുട്ടിയെ വിളിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കാം പെൺകുട്ടിയുടെ വീട്ടിലെത്തിയത് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ അനീഷിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

ആദ്യം കഴുത്തിൽ കുത്തിയെങ്കിലും കുതറി ഓടിയതോടെ പ്രതി നെഞ്ചിൽ ആഴത്തിൽ കുത്തി മരണമുറപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവീട്ടുകാരുടെയും മൊഴിയെടുത്തെങ്കിലും വരും ദിവസങ്ങളിൽ ഇരുകൂട്ടരെയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം പ്രതിയെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പേട്ട പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.