
തിരുവനന്തപുരം: ഉല്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ പപ്പടത്തിന്റെ വില ഇന്നുമുതൽ കൂടുമെന്ന് കേരള പപ്പട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.
ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വില ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ പപ്പടം വ്യവസായത്തെ സംരക്ഷിക്കാൻ വില വർദ്ധനവല്ലാതെ മറ്റൊരു മാർഗമില്ലെന്ന് പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
കേരളത്തിൽ പപ്പടം നിർമിക്കുന്നത് ഉഴുന്ന് കൊണ്ടാണ്. എന്നാൽ മൈദ കൊണ്ട് പപ്പടം നിർമിച്ച് കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിംഗ് കമ്മോഡിറ്റി ആക്ട് പ്രകാരം പപ്പടത്തിന്റെ പേരും നിർമാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്ന് ഭാരവാഹികൾ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. വില വർദ്ധനവ് ഇന്നുമുതൽ നടപ്പിലാക്കുമെന്നും അവർ അറിയിച്ചു.
അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് കാരണം തീപ്പെട്ടി വില ഡിസംബര്‍ ഒന്ന് മുതല്‍ രണ്ട് രൂപയാക്കി ഉയര്‍ത്തിയിരുന്നു. രാജ്യത്ത് 14 വർഷത്തിന് ശേഷമാണ് തീപ്പെട്ടിക്ക് വില വർദ്ധന ഉണ്ടായത്. 50 പൈസയായിരുന്ന വില 2007ൽ ഒരു രൂപയാക്കി ഉയത്തിയിരുന്നു.