
ഇൻസ്‌റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സാപ്പിൽ സുരക്ഷാവീഴ്‌ചയില്ലെന്നും ആപ്പ് ഉടമകളായ മെറ്റ ആവർത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാർക്ക് വാട്‌സാപ്പിൽ ഒരു പഞ്ഞവുമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. Rediroff.com എന്ന ലിങ്ക് പലരൂപത്തിൽ വാട്‌സാപ്പിൽ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വ്യക്തിപരവും ബാങ്കുമായി ബന്ധപ്പെട്ടതുമായ വിവരം ചോർത്തിയെടുക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നതാണ് ഇതെന്നാണ് വിവരം.
ഈ ലിങ്ക് വിന്റോസ് പിസികളിലും ഐഒഎസിലും ആൻഡ്രോയിഡ് ഫോണുകളിലും ഒരുപോലെ ബാധിക്കുന്നതാണ്. എന്നുമുതലാണ് ഈ ലിങ്ക് വാട്‌സാപ്പിൽ പ്രചരിച്ചുതുടങ്ങിയതെന്ന് വ്യക്തമല്ല എന്നാൽ വലിയൊരു വിഭാഗം ആളുകളുടെ വ്യക്തിവിവരങ്ങൾ ഈ ലിങ്ക് വഴി ചോർന്നിട്ടുണ്ടെന്നാണ് സിഎൻബിസി അറിയിക്കുന്നത്.
ലിങ്കിൽ ക്ളിക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് പരിചയമുളള സർവെയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി വിവരം നൽകും. തുടർന്ന് വിവിധ ചോദ്യങ്ങൾ ഉപഭോക്താവിനോട് ചോദിക്കും. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോടെ വ്യക്തിവിവരങ്ങൾ ചോദിക്കും. പേര്, വയസ്, അഡ്രസ്, ബാങ്ക് വിവരങ്ങൾ മറ്റ് വ്യക്തിപരമായ വിവരങ്ങൾ ഇവ പൂരിപ്പിക്കണമെന്ന് ആവശ്യപ്പെടും. തട്ടിപ്പിനെക്കുറിച്ച് ധാരണയില്ലാത്ത ഉപഭോക്താക്കൾ വിവരങ്ങൾ നൽകുന്നതോടെ തട്ടിപ്പുകാർ ആ വിവരങ്ങൾ കൈക്കലാക്കും. ചിലപ്പോൾ നിയമവിരുദ്ധമായ പ്രവർത്തികൾക്ക് വരെ ആ വിവരങ്ങൾ ഉപയോഗിക്കാം.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഡിലീറ്റ് ചെയ്യുകയോ സ്‌പാം ആണെന്ന് റിപ്പോർട്ട് ചെയ്യുകയോ വേണം. ശേഷം ഉപയോഗിക്കുന്ന ഉപകരണം പിസി ആയാലും മൊബൈൽ ആയാലും ഉടൻ വൈറസ് സ്‌കാൻ നടത്തി സുരക്ഷ ഉറപ്പാക്കണം.