
കൊവിഡിന്റെ പുതിയ വകഭേദമായി ഒമിക്രോൺ എത്തിയതോടെ ലോകമാകെ ആശങ്കയുടെ നടുവിലാണ്. വളരെ വേഗത്തിൽ വ്യാപിക്കുമെന്നതാണ് ഒമിക്രോണിന്റെ ഭീതി വർദ്ധിപ്പിക്കുന്നത്. ഒപ്പം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായേക്കാം.
മാസ്‌ക് ഉപയോഗിക്കലും ശുചിത്വവും സാമൂഹിക അകലവും തന്നെയാണ് ഒമിക്രോണിനെ പടിക്ക് പുറത്താൻ ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന വഴികൾ. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മാസ്‌ക് ഉപയോഗം മനുഷ്യരുടെ ശീലങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
എന്നാൽ, പലരും കൂടുതൽ ഉപയോഗിക്കുന്നത് തുണി മാസ്‌കാണ്. എന്നാൽ, ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത് തുണി മാസ്‌ക് പാടേ ഒഴിവാക്കാനാണ്. പകരം എൻ 95 മാസ്കോ മൂന്ന് ലെയറുള്ള സർജിക്കൽ മാസ്കോ ഉപയോഗിക്കാനാണ് നിർദേശിക്കുന്നത്. വായുവിലുള്ള 95ശതമാനത്തോളം വരുന്ന പൊടിപടലങ്ങളെയും വൈറസിനെയും നിയന്ത്രിക്കാൻ ഇവയ്‌ക്ക് കഴിയും.
അതേ സമയം, തുണി മാസ്‌കുകൾക്ക് അത്രയും കഴിവില്ലയെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. തുണി മാസ്‌ക് ഉപയോഗിക്കുന്നവരാണെങ്കിൽ അതിനൊപ്പം തന്നെ മറ്റൊരു സർജിക്കൽ മാസ്‌കും ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം.