kovalam

തിരുവനന്തപുരം: മദ്യവുമായി പോകുമ്പോൾ കോവളത്ത് സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയാണ് അന്വേഷിക്കുന്നത്. സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവിച്ചത് സർക്കാർ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്. സർക്കാരിന് അള്ള് വയ്ക്കുന്ന പ്രവണത അനുവദിക്കാനാകില്ലെന്നും ഇത്തരം കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിയെ സംഭവത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തു.

ന്യൂ ഇയർ ആഘോഷിക്കുന്നതിനായി മദ്യവുമായി യാത്ര ചെയ്യുകയായിരുന്ന സ്റ്റീവ് ആസ് ബർഗിനാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇന്നലെയായിരുന്നു സംഭവം. സ്റ്റീവിനെ വഴിയിൽ തടഞ്ഞ പൊലീസ് പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്നും ബിൽ വാങ്ങാൻ മറന്ന സ്റ്റീവ് കാര്യം പറഞ്ഞെങ്കിലും പൊലീസ് ചെവികൊണ്ടില്ല. കുപ്പിയടക്കം വലിച്ചെറിയാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ സഹികെട്ട സ്റ്റീവ് തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് വഴിയിൽ ഒഴുക്കി കളഞ്ഞു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ പകർത്തുന്നത് കണ്ടതോടെ മദ്യം കളയണ്ട ബിൽ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സ്റ്റീവ് ബിവറേജിൽ എത്തി ബിൽ വാങ്ങി തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു. തിരുവനന്തപുരം ഡിസിപിയും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു.