indoor-plants

ഗാർഡൻ എന്നു പറയുമ്പോൾ വിവിധ വ‌ർണങ്ങളിലുള്ള പൂക്കളാണ് പലരുടെയും മനസിൽ ആദ്യം വരുന്നത്. എന്നാൽ ഇപ്പോൾ പൂക്കളെക്കാൾ ട്രെന്റിംഗിൽ നിൽക്കുന്നത് ഇലകളാണ്. പൂക്കളില്ലാതെ തന്നെ പൂന്തോട്ടത്തെ മനോഹരമാക്കാൻ കഴിവുള്ള ഇത്തരം ചെടികൾക്കാണ് ഇപ്പോൾ ഡിമാന്റ് കൂടുതൽ. വീടിനുള്ളിലും പുറത്തും ഒരുപോലെ വളർത്താൻ കഴിയുന്ന ഇത്തരം ചെടികൾ സുലഭമായി ലഭിക്കുന്നവയുമാണ്. നിങ്ങളുടെ വീട്ടിലെ ഗാർഡൻ മനോഹരമാക്കാൻ കഴിവുള്ള കുറച്ച് ഇല ചെടികളെ പരിചയപ്പെടാം.

1.സ്പൈഡർ പ്ലാന്റ്

spider-plant

വീടിനുള്ളിൽ വളർത്താൻ കഴിയുന്ന ഒരു മനോഹരമായ ചെടിയാണ് സ്പൈഡർ പ്ലാന്റ്. വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഈ സസ്യത്തിനുണ്ട്. ചെടിയുടെ ചെറിയ കട്ടിംഗുകൾ വെള്ളത്തിലിട്ടാണ് ഇവയെ വളർത്തുന്നത്.

2.സ്നേക്ക് പ്ലാന്റ്

snake-plant

വളരെക്കാലം കേടുകൂടാതെ വള‌ർത്താൻ കഴിയുന്ന ചെടിയാണ് സ്നേക്ക് പ്ലാന്റ്. അമ്മായിയമ്മയുടെ നാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. ഇതിന്റെ ഇലകൾ വെള്ളത്തിലിട്ടു വച്ചാണ് പുതിയ തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.

3.മണി പ്ലാന്റ്

money-plant

ഇന്റോർ പ്ലാന്റുകളിൽ പ്രധാനപ്പെട്ട ചെടിയാണ് മണി പ്ലാന്റ്. വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചെടി കൂടെയാണിത്. ചെറിയ കട്ടിംഗുകൾ വെള്ളത്തിലിട്ടോ അല്ലെങ്കിൽ മണ്ണിലോ ഈ ചെടി വളർത്താവുന്നതാണ്.

4.അഗ്ളോണിമ

aglaonema-plant

ഇലകളുടെ നിറമാണ് ഇതിനെ മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പച്ചയും ചുവപ്പും മാത്രമല്ല മറ്റു പല നിറങ്ങളിലും അഗ്ളോണിമ ലഭ്യമാണ്. ഇലകളുടെ ഭംഗി കൂട്ടാനായി കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേയ്ക്ക് ചെടിയെ മാറ്റി വയ്ക്കുക. കൂടുതൽ പരിചരണം ഈ ചെടിയ്ക്ക് ആവശ്യമില്ല. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ചെടി മറ്റൊരു ചെടിച്ചട്ടിയിലേയ്ക്ക് മാറ്റുക. ഈ സമയത്ത് വളം നൽകുന്നത് നല്ലതാണ്. വാടിയ ഇലകൾ മുറിച്ചു മാറ്റണം. പുതിയ തൈകൾ മാറ്റി നടുന്നത് നല്ലതാണ്.

5.വാൻഡറിംഗ് ജ്യൂ

wandering-jew

വളരെ എളുപ്പത്തിൽ തന്നെ ശിഖരങ്ങൾ വെള്ളത്തിലിട്ട് വളർത്താൻ കഴിയുന്ന സസ്യമാണ് വാൻഡറിംഗ് ജ്യൂ. പർപ്പിൾ നിറത്തിലുള്ള ഇലകളുള്ള വാൻഡറിംഗ് ജ്യൂ ട്രെഡസ്കാൻഷ്യ പല്ലിട എന്നും അറിയപ്പെടുന്നു.

6.കോളിയസ്

coleus-plant

വിവിധ നിറത്തിൽ ഇലകളുള്ള ചെടിയാണ് കോളിയസ്. മാസം മാറി, കണ്ണാടിച്ചെടി എന്നീ പേരുകളിലാണ് ഈ ചെടി നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്. വെയിലത്തും തണലത്തും ഒരുപോലെ വളർത്താൻ കഴിയുന്ന സസ്യമാണെങ്കിലും സൂര്യ പ്രകാശം കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് നടുമ്പോഴാണ് ചെടികൾക്ക് കൂടുതൽ ഭംഗിയുള്ള നിറം ലഭിക്കുന്നത്.

7.ടർട്ടിൽ വൈൻ

turtle-wine-plant

തൂക്കുചട്ടികളിലാണ് കൂടുതലും ടർട്ടിൽ വൈൻ വളർത്തുന്നത്. താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ഈ ചെടികൾ കാണാൻ പ്രത്യേക ഭംഗിയാണ്. വിദേശത്തുനിന്നും എത്തിയ ഈ ചെടി നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും നന്നായി വളരും. മിതമായ രീതിയിലുള്ള സൂര്യപ്രകാശവും ജലവും മാത്രമേ ഈ ചെടിക്ക് ആവശ്യമുള്ളൂ. ചാണകവെള്ളം തളിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇലകളിൽ വെള്ളം സംഭരിക്കുന്നതിനാൽ കൂടുതൽ നനയ്ക്കുന്നത് ചെടി നശിച്ചുപോകാൻ കാരണമാകും.

8.സിംഗോണിയം

syngonium-plant

ചേമ്പിന്റെ ആകൃതിയിലുള്ള ഇലകളുള്ള ഈ സസ്യം ആരോ ഹെഡ് എന്നും അറിയപ്പെടുന്നു. പച്ച നിറത്തിലും പിങ്ക് നിറത്തിലും ഈ ചെടി ലഭ്യമാണ്. സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിൽ നിറം കൂടുതൽ ലഭിക്കുമെങ്കിലും വീടിനുള്ളിലും ഈ ചെടി നന്നായി വളരും. ഇതിന്റെ ഇലയോടുകൂടി തണ്ട് മുറിച്ച് വെള്ളത്തിലിട്ട് വച്ചാൽ കുറച്ചു ദിവസത്തിനുള്ളിൽ വേരുവന്നുതുടങ്ങും.