george-onakkoor

അർഹതയ്ക്കുള്ള അംഗീകാരമാണ് , വൈകിയാണെങ്കിലും പ്രശസ്ത സാഹിത്യകാരനായ ജോർജ് ഓണക്കൂറിനെ തേടിയെത്തിയ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് .അദ്ദേഹത്തിന്റെ ആത്മകഥയായ ഹൃദയരാഗങ്ങൾ എന്ന കൃതിയാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് . ആ പേര് സൂചിപ്പിക്കുംപോലെ തന്റെ സാഹിത്യപ്രപഞ്ചത്തിൽ ഹൃദയബന്ധങ്ങളുടെ രാഗങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് ജോർജ് ഓണക്കൂർ.മനുഷ്യസ്നേഹമാണ് അദ്ദേഹത്തിന്റെ രചനകളുടെയെല്ലാം മുഖമുദ്ര. തലമുറകളെ സ്വാധീനിച്ച അദ്ധ്യാപകനായും എഴുത്തുകാരനായും പ്രഭാഷകനായും തിളങ്ങിയ ഓണക്കൂർ ഇന്നും സജീവസാന്നിദ്ധ്യമായി നമ്മുടെ സർഗാത്മകലോകത്ത് പ്രകാശം പരത്തി നിൽക്കുന്നു.. " എന്റെ ദൈവത്തിന് ജാതിയും മതവും ഇല്ല, അവൻ എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു.ആ സ്നേഹചൈതന്യമാണ് എന്റെ ദൈവം ." തന്റെ വിശ്വാസത്തെ ഓണക്കൂർ ഇങ്ങനെ നിർവ്വചിക്കുമ്പോൾ അത് എഴുത്തുകാരൻ മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയുടെ മഹത്തായ സന്ദേശമായി മാറുന്നു.

ആത്മകഥ സത്യസന്ധമായി എഴുതുകയെന്നത് എളുപ്പമുള്ള കാര്യമല്ല.എന്നാൽ ലളിതമായ ഭാഷയിൽ തന്റെ ജീവിതം പിന്നിട്ട വഴികളിൽ വെളിച്ചം വിതറിയവരെ ഓർക്കുകയും ,കല്ലുമുള്ളും നിറഞ്ഞ പാതകളിലെ പ്രതിസന്ധികളെക്കാൾ അതിനെയെല്ലാം അതിജീവിക്കാൻ സഹായിച്ച ഈശ്വരചൈതന്യത്തെയും മനുഷ്യസൗഹൃദത്തെയും ഉയർത്തിപ്പിടിക്കാനുമാണ് ആത്മകഥയിൽ ഓണക്കൂർ ശ്രമിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ ഓണക്കൂർ എന്ന ഗ്രാമത്തിൽ നിന്ന് തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് എത്തിയ ആ യാത്രയിൽ നന്മയുടെ വിശുദ്ധി എന്നും തെളിഞ്ഞുനിൽക്കുന്നുണ്ട്.

ഓണക്കൂറിന്റെ നോവലുകൾ മലയാള വായനക്കാരിൽ ലബ്ധപ്രതിക്ഷ്ഠ........ നേടിയവയാണ്. അതിൽ നാലു പതിറ്റാണ്ടുകൾ മുമ്പെഴുതിയ ഉൾക്കടൽ എന്ന നോവൽ ഇന്നും തലമുറകളെയും കാലഘട്ടങ്ങളെയും അതിജീവിച്ച് വായനക്കാരെ ആകർഷിക്കുന്നു.ഉൾക്കടൽ എന്ന സിനിമയും നോവൽപോലെ ആസ്വാദകമനസിൽ ഇടം നേടി. സങ്കീർണമായ നൂൽപ്പാലങ്ങളിലൂടെ സഞ്ചരിച്ച് സാക്ഷാത്ക്കാരത്തിലെത്തുന്ന പ്രണയമാണ് ഉൾക്കടലിന്റെ ഇതിവൃത്തം. മനുഷ്യമനസിന്റെ ഉൾക്കടലിലൂടെയുള്ള സഞ്ചാരം ഓണക്കൂറിലെ എഴുത്തുകാരന് നന്നായി വഴങ്ങും.കൽത്താമര, ഇല്ലം, സമതലങ്ങൾക്കപ്പുറം, കാമന, ഹൃദയത്തിൽ ഒരു വാൾ, പർവ്വതങ്ങളിലെ കാറ്റ്, പ്രണയതാഴ്വരയിലെ ദേവദാരു, യോർദ്ദാൻ ഒഴുകുന്നത് എവിടേക്ക് ,ആകാശ ഊഞ്ഞാൽ എന്നിവ വായനക്കാരെ ഹഠാദാകർഷിച്ച ക‌ൃതികളാണ്.ഇവയിൽ ചിലതിന്റെ ഇംഗ്ളീഷ് പരിഭാഷയും പുറത്തുവന്നു. പർവ്വതങ്ങളിലെ കാറ്റ് എന്ന നോവൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ നിരീക്ഷണപാടവത്തോടെ നോക്കിക്കണ്ട ഒരു എഴുത്തുകാരന്റെ കൈയ്യൊപ്പ് പതിഞ്ഞ ആവിഷ്ക്കാരമായിരുന്നു.

കഥകളും യാത്രാവിവരണങ്ങളും ഓണക്കൂർ എഴുതിയിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡുകൾ യാത്രാവിവരണത്തിനും നോവലിനും ലഭിച്ചിരുന്നു.ഇതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ . ബാലസാഹിത്യ , സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായും സ്റ്റേറ്റ് റിസോഴ്സസ് സെന്ററിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. എന്നും കേരളകൗമുദിയുടെ ഉറ്റബന്ധുവാണ് ഓണക്കൂർ.പത്രാധിപർ കെ.സുകുമാരന്റെ കാലം മുതൽ ഇന്നത്തെ തലമുറയിലേക്ക് നീളുന്ന ആ ബന്ധത്തെക്കുറിച്ച് പുരസ്കാരം നേടിയ ആത്മകഥയിൽ അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ഞങ്ങളുടെ ആത്മമിത്രത്തെ ഹൃദയംഗമായി അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.ഒപ്പം ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരൻ രഘുനാഥ് പലേരിയേയും യുവ പുരസ്കാരത്തിനർഹനായ മോബിൻ മോഹനെയും അനുമോദിക്കുന്നു.