ramesh

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാൻ വൈകുന്നതിൽ പൊലീസിനു നേരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്. 'പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തൊടാൻ ഭയമാണെങ്കിൽ, അറസ്‌റ്റ് ചെയ്യാൻ ഭയമാണെങ്കിൽ പറഞ്ഞാൽ മതി ആ പണി വൃത്തിയായി ഞങ്ങൾ ചെയ്‌തു തരാം, പക്ഷെ അത്യാവശ്യം കേടുപാടുകളുണ്ടാകും അത് നിങ്ങൾ ഏറ്റെടുക്കണം. ' എം.ടി രമേശ് പറഞ്ഞു.

രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു എം.ടി രമേശിന്റെ പ്രകോപനപരമായ പ്രസംഗം. എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ ആക്രമണം പ്രതീക്ഷിച്ചാണ് ബിജെപി പ്രവർത്തകർ ഏത് നിമിഷവും പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും എം.ടി രമേശ് പ്രസംഗത്തിൽ പറഞ്ഞു.

രൺജിത്ത് ശ്രീനിവാസന്റെ കൊലയിൽ നേരിട്ട് പങ്കുള‌ള 12 പേരിൽ രണ്ടുപേരെ ഇന്ന് പെരുമ്പാവൂരിൽ നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.