
മഞ്ഞുകാലം നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുമെന്ന് ഓർത്ത് പേടിയിലാണോ... ചുണ്ടുകൾ വെടിച്ചു കീറുകയും ചർമ്മം വരണ്ടതാവുകയും ചെയ്യുക സ്വാഭാവികം. ചില മുൻകരുതലുകളെടുത്താൽ ഈ മഞ്ഞുകാലവും സുന്ദരമാക്കാവുന്നതേയുള്ളൂ. അതിന് ചില പൊടിക്കൈകൾ ചെയ്‌താൽ മതി.
മഞ്ഞുകാലങ്ങളിൽ സൗന്ദര്യ പ്രശ്‌നം ഏറ്റവുമധികം ബാധിക്കുന്നത് ചർമ്മത്തിനെയാണ്. അതിയായ തണുപ്പുകാരണം ചർമ്മം കൂടുതൽ ഉണങ്ങി വരണ്ടുപോകാറുണ്ട്. വരണ്ട ചർമ്മം ഉള്ളവർ തണുപ്പുകാലങ്ങളിൽ സോപ്പ് ഉപയോഗിക്കാതിരിക്കുകയും അതിന് പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്.
മുഖത്തും കഴുത്തിലും ഉള്ള ചർമ്മ സംരക്ഷണത്തിനായി അൽപം കടലമാവ് തേച്ച് മുഖം വൃത്തിയായി കഴുകുക, അതിന് ശേഷം കുറച്ച് കോൾഡ് ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. കോൾഡ്ക്രീം കണ്ണുകളുടെ ചുറ്റും പുരട്ടേണ്ടതാണ്. ഇത് കണ്ണുകളുടെ ചുറ്റും ഉണ്ടാകുന്ന ചുളിവുകളെ അകറ്റുവാൻ വേണ്ടി സഹായിക്കും.
മേക്കപ്പ് ചെയ്യുമ്പോൾ മോയിസ്ചറൈസർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തണുപ്പുകാലങ്ങളിൽ ചുണ്ടുകളിലെ തൊലി ഉണങ്ങി വിണ്ടുകീറി പോകാതിരിക്കാനായി രാത്രി ഉറങ്ങുമ്പോൾ കുറച്ച് ഗ്ലിസറിൻ ചുണ്ടുകളിൽ പുരട്ടുകയോ അൽപ്പം വെണ്ണയും നാരങ്ങാ നീരും ചേർത്ത് പുരട്ടുകയോ ചെയ്യുക.
തണുപ്പ് കാലങ്ങളിൽ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുമ്പായി കുറച്ച് വാസിലിൻ ചുണ്ടുകളിൽ പുരട്ടുക. ഇത് നീണ്ടനേരം മേക്കപ്പ് നിലനിറുത്താൻ സഹായിക്കും.