
ബംഗാളി നടിയും തൃണമൂൽ കോൺഗ്രസിന്റെ എംപിയുമായ നുസ്രത് ജഹാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷം നുസ്രത്തിന് നേരെയുള്ള സൈബർ ആക്രമണങ്ങളും കൂടിയിരുന്നു.
ഇപ്പോൾ കുഞ്ഞുണ്ടായതോടെ താരത്തിന്റെ പേരിൽ പിന്നെയും വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. ആരാണ് കുഞ്ഞിന്റെ അച്ഛൻ എന്നതായിരുന്നു പലർക്കും അറിയേണ്ടിയിരുന്ന പ്രധാന സംശയം.രണ്ടു വർഷങ്ങൾക്ക് മുമ്പ് വിദേശത്തുവെച്ച് അതിഗംഭീരമായിട്ടായിരുന്നു നുസ്രത്തിന്റെയും ആദ്യ ഭർത്താവ് നിഖിൽ ജെയിനിന്റെയും വിവാഹം നടന്നത്.
അധികം വൈകാതെ ആ ബന്ധം പിരിയുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നുസ്രത്ത് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ വിവാദങ്ങളും കൊടുമ്പിരി കൊണ്ടു. ഇപ്പോൾ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അവർ. നുസ്രത്ത് തന്നെയാണ് തന്റെ കുഞ്ഞിന് അച്ഛനുണ്ടെന്ന് പറഞ്ഞ് പങ്കാളി ദേബാബിഷ് ദാസ് ഗുപ്‌തയ്‌ക്കൊപ്പമുള്ള ചിത്രം പരസ്യപ്പെടുത്തിയത്.
അതിന് പിന്നാലെ രണ്ടും പേരും ഒന്നിച്ച് പങ്കെടുത്ത ഒരു ചടങ്ങിൽ പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. എങ്ങനെയായിരുന്നു തങ്ങൾക്കിടയിലെ പ്രണയം പൂവിട്ടത് എന്നതിനെ കുറിച്ച് നുസ്രത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു.
'ഒറ്റവാക്കിൽ പറഞ്ഞാൽ അത് ഒളിച്ചോട്ടം തന്നെയാണ്. രഹസ്യമായ ജീവിതം. എന്നാൽ യാഷ് ദാസ് ഗുപ്ത എന്ന താങ്കളെ പ്രണയിക്കാനുള്ള തീരുമാനം എന്റേതായിരുന്നു. എന്റെ പ്രണയം. എന്റെ ചോയ്‌സ്. നീയുമായി പ്രണയത്തിലാകണം എന്നതായിരുന്നു നിയോഗം. അതു ഞാൻ സന്തോഷപൂർവം ഏറ്റെടുക്കുകയായിരുന്നു. ബാക്കിയെല്ലാം എല്ലാവർക്കുമറിയാവുന്ന ചരിത്രം.'