
മൃഗങ്ങളുമായും മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തരംഗമാകാറുണ്ട്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സ് പകർത്തുന്ന ഇത്തരം ചിത്രങ്ങൾ പുരസ്കാരങ്ങൾക്കും അർഹമാകാറുണ്ട്. എന്നാൽ പലപ്പോഴും അധികമാരുടെയും കണ്ണിൽപ്പെടാത്ത പല അത്ഭുത കാഴ്ചകളും പ്രകൃതിയിൽ സംഭവിക്കുന്നുണ്ട്. ഇതിന് ഉദാഹരണമായി ഒരു ചിത്രം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുകയാണ്.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും അറുപതുകാരനായ ലിസ്‌ദിയാന്റോ സുഹാർദ്‌ജോ പകർത്തിയ ചിത്രങ്ങളാണ് കൈയടി ഏറ്റുവാങ്ങുന്നത്. ഒരു കുഞ്ഞൻ പാമ്പിനെ തവള ഒന്നോടെ വിഴുങ്ങുന്ന ചിത്രങ്ങളാണ് ലിസ്‌ദിയാന്റോ പകർത്തിയത്. എന്നാൽ ഇവയിൽ ഒരു വ്യത്യസ്ത കാഴ്ചയും കാണാം. മനുഷ്യർ കൈ ഉപയോഗിച്ച് ഭക്ഷണം വായ്‌ക്കകത്തേയ്ക്ക് വയ്ക്കുന്നതുപോലെ തവള മുൻകാലുപയോഗിച്ച് പാമ്പിനെ വായ്‌ക്കകത്തേയ്ക്ക് തള്ളിക്കയറ്റി വയ്‌ക്കുന്ന ചിത്രങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. വിഴുങ്ങുന്നതിനിടെ ചാടി പോകാൻ ശ്രമിച്ച പാമ്പിനെയാണ് തവള വായിലേയ്ക്ക് തിരുകി കയറ്റിയത്.ഇത്തരത്തിൽ ബുൾ തവളകൾ എലിയെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടെന്നും ലിസ്‌ദിയാന്റോ പറഞ്ഞു.


പ്രകൃതിയിലെ പല ദൃശ്യങ്ങളും മനുഷ്യരെ വിസ്മയിപ്പിക്കാറുണ്ട്. അവയുടെ ആവാസവ്യവസ്ഥയക്ക് ദോഷം വരുത്താതെ ജീവിക്കാൻ മനുഷ്യർ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം ദൃശ്യങ്ങൾക്ക് ഭാവിയിലും സാക്ഷിയാകാൻ സാധിക്കും.