murder

കൊച്ചി: എറണാകുളം കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗൃഹനാഥൻ നാരായണന്റെ പേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഭാര്യയെയും മക്കളെയും ഷൂവിന്റെ ലേസുപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് നാരായണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം കഴുത്തുമുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച നാരായണൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കടവന്ത്രയിൽ പൂക്കച്ചവടം നടത്തി വരികയായിരുന്നു തമിഴ്‌നാട് സ്വദേശിയായ നാരായണൻ.

ഇന്ന് രാവിലെയാണ് ജോയ് മോൾ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. നാരായണനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സാമ്പത്തിക പ്രശ്‌നങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് വ്യക്തമായത്.

മയക്കുമരുന്ന് നൽകിയെങ്കിലും മരിക്കാത്തതിനെ തുടർന്നാണു ഷൂലേസ് കൊണ്ട് കഴുത്ത് മുറുക്കി കൊല നടത്തിയതെന്നാണ് നാരായണൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കടവന്ത്രയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു നാരായണനും കുടുംബവും.