
ന്യൂയോർക്ക് : വിഖ്യാത അമേരിക്കൻ നടി ബെറ്റി വൈറ്റ് ( 99 ) അന്തരിച്ചു. ' ദ ഗോൾഡൻ ഗേൾസ് " , ' ദ മേരി ടെയ്‌ലർ മൂർ ഷോ " തുടങ്ങിയ സിറ്റ്കോമുകളിലെ വേഷങ്ങളിലൂടെ ലോകപ്രശസ്തിയാർജ്ജിച്ച ബെറ്റി തന്റെ നൂറാം പിറന്നാളിന് ആഴ്ചകൾ ബാക്കി നിൽക്കെയാണ് വിട പറഞ്ഞത്.
വെള്ളിയാഴ്ച ബ്രെന്റ്‌വുഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബെറ്റിയെ അലട്ടിയിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 1939 മുതൽ എട്ട് ദശാബ്ദ കാലത്തോളം നീണ്ട കലാജീവിതത്തിനിടെയിൽ നിരവധി ടെലിവിഷൻ പരമ്പരകളുടെയും സിനിമകളുടെയും ഭാഗമായി. തന്റെ വാർദ്ധക്യത്തിലും താരമായി തുടർന്ന ബെറ്റി ഹാസ്യ വേഷങ്ങളെല്ലാം അവിസ്മരണീയമാക്കിയിരുന്നു. ടെലിവിഷൻ പരിപാടികളുടെ ആദ്യകാല വനിതാ നിർമ്മാതാക്കളിൽ ഒരാളാണ് ബെറ്റി.
1922 ജനുവരി 17ന് ഇല്ലിനോയിസിലാണ് ബെറ്റിയുടെ ജനനം. 1930കളുടെ അവസാനം റേഡിയോയിലും വൈകാതെ ടി.വിയിലും ബെറ്റി അരങ്ങേറ്റം കുറിച്ചു. എട്ട് എമ്മി പുരസ്കാരങ്ങളും ഒരു ഗ്രാമി പുരസ്കാരവും നേടിയ ബെറ്റി ഏറ്റവും കൂടുതൽ കാലം ടി.വി പരിപാടികളിൽ തുടർന്നതിന് ഗിന്നസ് റെക്കോർഡ്സിലും ഇടം നേടി.
ഹോളി മാൻ, ലേക്ക് പ്ലേസിഡ്, ദ പ്രപ്പോസൽ, ലോസ്റ്റ് വാലന്റൈൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ബെറ്റി ദ സ്റ്റോറി ഒഫ് സാന്റാക്ലോസ്, ടോം സോയർ, ടോയ് സ്റ്റോറി 4, ട്രബ്‌ൾ തുടങ്ങിയ ആനിമേറ്റഡ് ചിത്രങ്ങൾക്ക് ശബ്ദവും നൽകി. നിരവധി ഡോക്യുമെന്ററികളുടെയും ഭാഗമായി. അമേരിക്കൻ നടൻ അലൻ ലൂദൻ ഭർത്താവായിരുന്നു. ലൂദനുമായുള്ള വിവാഹത്തിന് മുന്നേ ബെറ്റി രണ്ട് തവണ വിവാഹ മോചിതയായിരുന്നു.