v

ചണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയിലെ ക്വാറിയിൽ ഇന്നലെ രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. നിരവധിപ്പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാം. ജില്ലാ ഭരണകൂടം കാണാതായവർക്കുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയിൽ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികളുടെ ഭാഷ്യം.

വേഗത്തിലുള്ള രക്ഷാപ്രവർത്തനവും പരിക്കേറ്റവർക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വീറ്റ് ചെയ്തു.

അതേസമയം, കുറച്ച് ആളുകൾ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഹരിയാന കൃഷി മന്ത്രി ജെ.പി.ദലാൽ പറഞ്ഞു. പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ അദ്ദേഹം സ്ഥലത്തെത്തിയിട്ടുണ്ട്. 15 മുതൽ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ദേശീയ ഹരിത ട്രൈബ്യൂണൽ പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വൻ തോതിൽ ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മലിനീകരണത്തെ തുടർന്ന് ഹരിതക്കോടതി ഏർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്ക് വ്യാഴാഴ്ച പിൻവലിച്ച് വെള്ളിയാഴ്ചയാണ് ഖനനം പുനരാരംഭിച്ചത്.