
ശ്രീനഗർ: മുൻ കാശ്മീർ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്ത്തി, ഒമർ അബ്ദുല്ല എന്നിവരെ ഭരണകൂടം വീട്ടുതടങ്കലിലാക്കി. മണ്ഡല പുനർനിർണയം നടത്തി നിയമസഭ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള അതിർത്തി നിർണയ കമ്മിഷന്റെ നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിന് തടയിടാനായാണിത്.
ശ്രീനഗറിലെ അതീവ സുരക്ഷ മേഖലയായ ഗുപ്കർ റോഡിൽ ഇവരുടെ വസതികൾക്ക് മുന്നിൽ ട്രക്കുകൾ നിറുത്തിയിട്ടിരിക്കുകയാണ്. ആരെയും വീട്ടിനകത്തേക്ക് കടത്തിവിടുകയോ, പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യുന്നില്ല.
ജമ്മു ഡിവിഷനിൽ ആറ് സീറ്റുകളും കാശ്മീർ മേഖലയിൽ ഒരു സീറ്റും വർദ്ധിപ്പിക്കാനാണ് കമ്മിഷൻ ശുപാർശ ചെയ്തത്.
നീക്കത്തിനെതിരെ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഗുപ്കർ സഖ്യം പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. പിൻവാതിലിലൂടെ അധികാരം പിടിക്കാനുള്ള കുടില തന്ത്രമായാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും നീക്കത്തെ കാണുന്നത്.
അതേസമയം, ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ഗുപ്കർ റോഡിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.