
മോസ്കോ : മനുഷ്യന്റെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ പേർ ആഘോഷിച്ച പുതുവർഷമാണ് ഇത്തവണത്തേത്. അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 7 പേരും ചൈനയുടെ ടിയാൻഗോംഗ് സ്പേസ് സ്റ്റേഷനിലെ 3 പേരുമാണ് ബഹിരാകാശത്ത് വച്ച് 2022നെ വരവേറ്റത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് ഏറ്റവും കൂടുതൽ ബഹിരാകാശ സഞ്ചാരികൾ വരവേറ്റ പുതുവർഷമാണ് 2022 എന്ന് അറിയിച്ചത്.
കഴിഞ്ഞ 21 വർഷത്തിനിടെ 83 പേരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിൽ പുതുവത്സരമാഘോഷിച്ചതെന്ന് റോസ്കോസ്മോസ് പറയുന്നു. ഇതിൽ നിരവധി ബഹിരാകാശ സഞ്ചാരികൾ ഒന്നിലേറെ തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതുവർഷത്തെ വരവേറ്റിട്ടുണ്ട്. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ആന്റോൺ ഷ്‌കാപ്ലെറോവ് 2012, 2015, 2018, 2022 എന്നിങ്ങനെ നാല് പുതുവർഷ ദിനങ്ങൾ ബഹിരാകാശാത്താണ് ആഘോഷിച്ചത്.
നിലവിൽ റോസ്കോസ്മോസിന്റെ ആന്റോൺ ഷ്‌കാപ്ലെറോവിനെ കൂടാതെ പയോറ്റർ ഡുബറേവും നാസയിൽ നിന്ന് മാർക് വാൻഡെ ഹൈ, തോമസ് മാർഷ്ബേൺ, രാജാ ചാരി, കൈലാ ബാരൺ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാത്തിയസ് മോറെർ എന്നിവരുമാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ഹയ് ഷിഗാംഗ്, വാംഗ് യാപിംഗ്, യീ ഗുവാംഗ്ഫു എന്നിവരാണ് ചൈനയിടെ ടിയാൻഗോംഗ് സ്പേസ് സ്റ്റേഷനിലുള്ളത്. യൂറി റോമനെൻകോ, ജോർജി ഗ്രെച്കോ എന്നീ സഞ്ചാരികളാണ് ആദ്യമായി ബഹിരാകാശത്ത് പുതുവർഷം ആഘോഷിച്ചത് ( 1977 - 1978 ).