
കോഴിക്കോട്: വാർദ്ധക്യത്തിൽ സ്വന്തം വീട്ടിൽ അന്തിയുറങ്ങാനുള്ള കുട്ട്യേടത്തി വിലാസിനിയുടെ മോഹം സഫലമാവുന്നു. വീടുവയ്ക്കാൻ കൊട്ടാരക്കരയിൽ മൂന്ന് സെന്റ് സ്ഥലം നൽകാൻ മുന്നോട്ടു വന്നത് പത്തനാപുരം ഗാന്ധിഭവനാണ്. ഡിസംബർ 25ന് കേരളകൗമുദി പ്രസിദ്ധീകരിച്ച ' എം.ടിയുടെ കുട്ട്യേടത്തിക്ക് വേണം തലചായ്ക്കാൻ സ്വന്തമായൊരിടം' എന്ന വാർത്തയെത്തുടർന്നാണിത്. മൂന്ന് സെന്റ് സ്വന്തമായുണ്ടെങ്കിൽ വീടു വച്ചുനൽകാമെന്ന് താരസംഘടനയായ അമ്മ പറഞ്ഞിട്ടുണ്ട്.
കെ.ബി.ഗണേശ്കുമാർ എം.എൽ.എയുടെ വീടിനടുത്തായി ഗാന്ധിഭവന്റെ പേരിലുള്ള സ്ഥലമാണ് അനുവദിക്കുകയെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അറിയിച്ചു. നിലവിൽ പത്ത് കലാകാരൻമാർക്ക് ഇവിടെ മൂന്നു സെന്റ് വീതം അനുവദിച്ചിട്ടുണ്ട്. നടൻ ടി.പി.മാധവനടക്കം ഗാന്ധിഭവൻ അന്തേവാസിയാണ്.
160 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച വിലാസിനിയുടെ പേരിലുണ്ടായിരുന്ന 15 സെന്റ് സ്ഥലവും വീടും മക്കളുടെ പഠനത്തിനും വിവാഹത്തിനും മറ്റുമായി വിൽക്കുകയായിരുന്നു.
"ഗാന്ധിഭവൻ സ്ഥലം നൽകാമെന്ന് അറിയിച്ചത് സ്‌നേഹപൂർവം സ്വീകരിക്കുന്നു. കോഴിക്കോടിന്റെ കലാഭൂമിക വിട്ട് പോകേണ്ടിവരുന്നതിൽ വിഷമമുണ്ട്
- കുട്ട്യേടത്തി വിലാസിനി