aswanth

പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ആറോൺ യു.പി സ്‌കൂളിനു സമീപം ചുങ്കം കവലയിൽ ലോറി ഓട്ടോയിലിടിച്ച് രണ്ട് യുവാക്കൾ തൽക്‌ഷണം മരിച്ചു. വടകര പുത്തൂർ സ്വദേശികളും സുഹൃത്തുക്കളുമായ നടയമ്മൽ അശ്വന്ത് (26), വാച്ചാട്ട് പറമ്പിൽ കമൽജിത്ത് (30) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇല്ലത്ത് മീത്തൽ ആദർശിനെ (24) സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വന്താണ് ഒാട്ടോ ഒാടിച്ചത്.
സുഹൃത്തുക്കളായ മൂവരും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ദർശനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച രാവിലെ 6.30ഓടെയാണ് അപകടം. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്കു ലോറി. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അശ്വന്തും കമൽജിത്തും ഓട്ടോറിക്ഷയ്ക്കകത്ത് ഞെരിഞ്ഞമർന്നു. പുറത്തേക്ക് തെറിച്ചുവീണ ആദർശിന് സാരമായ പരിക്കേറ്റു. നാട്ടുകാർ മൂവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
മരിച്ച അശ്വന്ത് ഓട്ടോഡ്രൈവറും കമൽജിത്ത് വെൽഡിംഗ് തൊഴിലാളിയുമാണ്. ആദർശ് ജിയോ കമ്പനിയുടെ സൈറ്റ് എൻജിനിയറാണ്.

വടകര അറക്കിലാട് സ്വദേശി പാറയുള്ള പറമ്പത്ത് ചന്ദ്രന്റെയും കമലയുടെയും മകനാണ് കമൽജിത്ത്. സഹോദരി ജിൻസി. വൈക്കിലശ്ശേരി റോഡ് താഴെ പോണപ്രത്ത് അശോകന്റെയും ബിന്ദുവിന്റെയും മകനാണ് അശ്വന്ത്. സഹോദരൻ അർജ്ജുൻ.