
ജോഹന്നാസ്ബർഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയം വേദിയാകും. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ 113 റൺസിന്റെ വിജയം നേടിയ തിളക്കത്തിലാണ് ഇന്ത്യ.മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ഒന്നാം ടെസ്റ്റ് വിജയത്തിന്റെ ലഹരിയിലും ബാറ്റിംഗിന്റെ നേടുംതൂണുകളായ നായകൻ വിരാട് കൊഹ്‌ലി, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരുടെ മോശം ഫോം ഇന്ത്യയെ അലട്ടുന്നുണ്ട്. സമീപകാലത്തു മൂവർക്കും ഒരുപോലെ ഫോം നഷ്ടമായത് മധ്യനിരയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്.
2019ന് ശേഷം ടെസ്റ്റിൽ മുപ്പതിൽ താഴെയാണ് വിരാടിന്റെ ബാറ്റിംഗ് ശരാശരി.
ആദ്യ ടെസ്റ്റിലെ നിറം മങ്ങിയ പ്രകടനത്തോടെ പ്ളേയിംഗ് ഇലവനിൽ പൂജാരയുടെ സ്ഥാനം പരുങ്ങലിലാണ്. സെഞ്ചൂറിയനിൽ ആദ്യ ഇന്നിംഗ്സിൽ ആദ്യ പന്തിൽ പുറത്തായ പൂജാര രണ്ടാമിന്നിംഗ്സിൽ 64 പന്തുകൾ കളിച്ചെങ്കിലും 16 റൺസ് മാത്രമാണ് നേടിയത്. പുജാരയ്ക്കു പകരം ഹനുമ വിഹാരിയെയോ ശ്രേയസ് അയ്യരെയോ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്നതാണ് ആരാധകരുടെ ചോദ്യം.
ഒന്നാം ടെസ്റ്റിൽ 48, 20 എന്നിങ്ങനെയായിരുന്നു രഹാനെയുടെ പ്രകടനം. മുൻ പരമ്പരയ്ക്കു വിപരീതമായി ബാറ്റിങ്ങിൽ താളം കണ്ടെത്തുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയെങ്കിലും വലിയ സ്‌കോർ നേടാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയിൽ കളിച്ചിട്ടുള്ള പരിചയവും അനുഭവസമ്പത്തുമാണ് രഹാനെയെ ടീമിലെുക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നത്.
ആദ്യ ടെസ്റ്റിലെ തോൽവിയിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്കിന്റെ അപ്രതീക്ഷിത വിരമിക്കൽ അവർക്ക് തിരിച്ചടിയാണ്. ഡികോക്കിന് പകരം ടീമിലുള്ള കൈൽ വെരിയെന്നെയോ റയാൻ റിക്കിൾടെന്നോ കളിച്ചേക്കും.
വാണ്ടറേഴ്സ് വണ്ടർ
ഇന്ത്യ ഇതുവരെ ടെസ്റ്റിൽ തോറ്റിട്ടില്ലാത്ത ദക്ഷിണാഫ്രിക്കൻ വേദിയാണ് വാണ്ടറേഴ്സ്.
അഞ്ചുമത്സരങ്ങളാണ് ഇന്ത്യ ഇവിടെ ദക്ഷിണാഫ്രിക്കയുമായി കളിച്ചത്.
അതിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയം നേടി.മൂന്നെണ്ണം സമനിലയിൽ പിരിഞ്ഞു.
2006ൽ 123 റൺസിനായിരുന്നു ഇവിടെ ഇന്ത്യയുടെ ആദ്യ വിജയം
2018ലാണ് ഇവിടെ അവസാനം കളിച്ചത്. അന്ന് ഇന്ത്യ 63 റൺസിന് ജയിച്ചു.