
വാഷിംഗ്ടൺ : ലോകമെമ്പാടുമുള്ള പുതുവത്സര ആഘോഷങ്ങളുടെ ആവേശത്തെ കാര്യമായി ബാധിച്ച് കൊവിഡിന്റെ ഒമിക്രോൺ വകഭേദം. ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലെ ബോൾ ഡ്രോപ്പ് ആഘോഷങ്ങൾ ലഘൂകരിച്ചപ്പോൾ പാരീസിലെ കരിമരുന്ന് പ്രയോഗ ഷോയും ഡി.ജെ സെറ്റുകളും റദ്ദാക്കി. ലണ്ടനിലും ആഘോഷങ്ങൾ പരമാവധി കുറച്ചു.
ടൈം സ്ക്വയറിൽ പ്രകാശഭരിതമായ വാട്ടർഫോർഡ് ക്രിസ്റ്റൽ പാനലുകളാൽ നിർമ്മിതമായ ഭീമൻ ബോൾ അർദ്ധരാത്രിയിൽ താഴ്ക്കുന്ന ആഘോഷങ്ങൾ നടന്നെങ്കിലും വാക്സിൻ സ്വീകരിച്ച 15,000 പേർക്ക് മാത്രമാണ് നേരിൽ കാണാൻ പ്രവേശനം അനുവദിച്ചത്. സാധാരണ 58,000 പേരായിരുന്നു ആഘോഷങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരമ്പരാഗതമായി തുടരുന്ന പല ആഘോഷങ്ങളും ലളിതമാക്കുകയോ റദ്ദാക്കുകയോ ചെയ്തു. ക്വാലാലംപ്പൂരിലെ പെട്രോണാസ് ടവറുകളിൽ കരിമരുന്ന് പ്രയോഗം റദ്ദാക്കി. നെതർലൻഡ്സിൽ നാലിൽ കൂടുതൽ പേർ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് നിരോധിച്ചിരുന്നു. ആംസ്റ്റർഡാമിലെ സെൻട്രൽ ഡാം സ്ക്വയറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പേരെ പൊലീസ് പിരിച്ചുവിട്ടു.
ലണ്ടനിൽ ബിഗ് ബെൻ മുഴക്കിയതുൾപ്പെടെയുള്ള ആഘോഷങ്ങൾ ടെലിവിഷനിലൂടെയാണ് കാണാൻ അവസരമൊരുക്കിയത്. നവീകരണ പ്രവർത്തനങ്ങൾ നടന്നതിനാൽ 2017ന് ശേഷം ഇതാദ്യമായാണ് ബിഗ് ബെന്നിൽ ന്യൂ ഇയർ മണി മുഴങ്ങിയത്. അതേ സമയം, ഒമിക്രോൺ തരംഗം ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ ആഘോഷങ്ങൾക്ക് ഇളവുകൾ അനുവദിച്ചിരുന്നു. കേപ് ടൗണിൽ പുതുവർഷത്തോടനുബന്ധിച്ച് കർഫ്യു പിൻവലിച്ചിരുന്നു.
ഓസ്ട്രേലിയൻ നഗരമായ സിഡ്നി ഹാർബറിൽ ഓപ്പറ ഹൗസിന് മുകളിലായി നടത്താറുള്ള ഗംഭീര കരിമരുന്ന് പ്രയോഗം പതിവ് തെറ്റാതെ അരങ്ങേറി. മാഡ്രിഡിലെ പോർട്ടോ ഡെൽ സോൾ സ്ക്വയറിൽ 60 ശതമാനം പേരെ പ്രവേശിപ്പിച്ച് ആഘോഷങ്ങൾ നടത്തി. മാസ്ക് ഉൾപ്പെടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രവേശനം. അതേ സമയം, ബാഴ്സലോണ ഉൾപ്പെടെയുള്ള സ്പാനിഷ് നഗരങ്ങൾ പലതും ആഘോഷം ഒഴിവാക്കി.
ഏഷ്യൻ രാജ്യങ്ങളും ആഘോഷങ്ങൾ ചുരുക്കി. സൗത്ത് കൊറിയയിൽ പരമ്പരാഗതമായി പന്ത്രണ്ട് മണിക്ക് അരങ്ങേറുന്ന ബെൽ റിങ്ങിഗ് ചടങ്ങ് തുടർച്ചയായ രണ്ടാം വർഷവും റദ്ദാക്കി. ടോക്കിയോയിൽ ഷിബുയ ജില്ലയിൽ നടക്കാറുള്ള ആഘോഷങ്ങൾ നിരോധിച്ചു. മറ്റ് ജപ്പാനീസ് നഗരങ്ങളിൽ പാർട്ടികളിലും മറ്റും പ്രവേശനം പരിമിതമാക്കി. അതേ സമയം, കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈന കടുത്ത ജാഗ്രതയിലായിരുന്നു. ഷിയാൻ നഗരം ലോക്ക്ഡൗണിൽ തുടർന്നപ്പോൾ മറ്റ് നഗരങ്ങളിലെ ആഘോഷങ്ങൾ റദ്ദാക്കി.