
മുംബയ്∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ എൻ.സി.പിയുമായി സഖ്യത്തിന് ബി.ജെ.പി ശ്രമിച്ചിരുന്നുവെന്ന ശരദ് പവാറിന്റെ വെളിപ്പെടുത്തൽതള്ളി മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ.
സത്യം പറയുന്ന ആളായല്ല പവാർ അറിയപ്പെടുന്നത്. അർദ്ധസത്യങ്ങളേ പവാർ പറയാറുള്ളൂ. സഖ്യചർച്ച നടന്നിരുന്നെങ്കിൽ അക്കാര്യം വെളിപ്പെടുത്താൻ അദ്ദേഹം ഇത്രയും കാലം കാത്തിരുന്നത് എന്തിനാണ്?. മഹാ വികാസ് അഘാഡിയിൽ കടുത്ത അതൃപ്തി പുകയുന്നുണ്ടെന്നും സഖ്യം വെടിഞ്ഞ് ബി.ജെ.പിയുമായി ആര് ആദ്യം കൈകോർക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂവെന്നും പാട്ടീൽ പറഞ്ഞു
അതേസമയം, പവാർ പറഞ്ഞത് സത്യമാമായിരിക്കാമെന്നും 2019ൽ എങ്ങനെയെങ്കിലും തങ്ങളുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കണമെന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യമെന്നും ശിവസേന നേതാവായ സഞ്ജയ് റാവത്ത് പ്രതികരിച്ചു. ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പവാറിനെ കൂട്ടുപിടിച്ച് പുലർച്ചെ സത്യപ്രതിജ്ഞ ചെയ്തയാളാണ് ബി.ജെ.പി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ്. നിരവധി ശിവസേന നേതാക്കൾക്കായും ബി.ജെ.പി വലവീശിയിരുന്നെന്നും റാവത്ത് കൂട്ടിച്ചേർത്തു.