
മൗണ്ട് മൗംഗാനൂയി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ന്യൂസിലാൻഡിന് മികച്ച തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ കിവീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു.
സെഞ്ച്വറി നേടിയ ഡെവോൺ കോൺവേയുടെ തകർപ്പൻ ബാറ്റിംഗാണ് കിവീസിനെ രക്ഷിച്ചത്. 227 പന്തുകളിൽ നിന്ന് 16 ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 122 റൺസെടുത്ത കോൺവേയും 52 റൺസെടുത്ത വിൽ യംഗുമാണ് കിവീസിനെ മികച്ച നിലയിൽ എത്തിച്ചത്.
ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഹെന്റി നിക്കോൾസ് 32 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്നു. ടോം ലതാം (1), റോസ് ടെയ്‌ലർ (31), ടോം ബ്ലണ്ടേൽ (11) എന്നിവരുടെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്.
ബംഗ്ലാദേശിനുവേണ്ടി ഷരീഫുൽ ഇസ്ലാം രണ്ട് വിക്കറ്റെടുത്തപ്പോൾ ഇബാദത്ത് ഹൊസെയ്ൻ, മോമിനുൽ ഹഖ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
വിദേശത്തെയും സ്വദേശത്തെയും ആദ്യ ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാൻഡ് താരമാണ് ഡെവോൺ കോൺവേ.കഴിഞ്ഞ വർഷം ഇംഗ്ളണ്ടിനെതിരെ ഇരട്ട സെഞ്ച്വറി നേടിയായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം.