
ന്യൂഡൽഹി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്കെതിരെ കടുത്ത നടപടിക്ക് ആദായ നികുതിവകുപ്പിന്റെ ഒരുക്കം. രണ്ട് പ്രമുഖ കമ്പനികൾക്ക് 1,000 കോടി രൂപയുടെ പിഴ വിധിച്ചേക്കുമെന്ന സൂചനയാണ് നികുതിവകുപ്പ് നൽകിയത്. ഇവയുടെ പേര് നികുതിവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല; എന്നാൽ, ഓപ്പോയും ഷവോമിയുമാണ് കമ്പനികളെന്ന് ഇക്കണോമിക് ടൈംസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
12 സംസ്ഥാനങ്ങളിലായി ഇരു കമ്പനികൾക്കുമുള്ള ഓഫീസുകളിലും ഫാക്‌ടറികളിലും നികുതിവകുപ്പ് കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു. ഡൽഹി, കർണാടക, തമിഴ്നാട്, അസാം, ബംഗാൾ, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. വരുമാനം വെളിപ്പെടുത്താതിരിക്കുക, നികുതി വെട്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ആദായ നികുതിവകുപ്പ് വ്യക്തമാക്കി.