
ജീവിതത്തിൽ ഒരു വ്യക്തിയ്ക്ക് ഏറ്റവും കൂടുതൽ വേണ്ടത് ശാന്തിയും സമാധാനവുമാണ്. ശാന്തമല്ലാത്ത മനസ് കാരണം ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്നു. ഒരുപക്ഷേ നമ്മുടെ ചുറ്റുമുള്ളവരെയും അത് ബാധിച്ചേക്കാം. മാനസിക സംഘർഷം അകറ്റാനുള്ള മാർഗങ്ങൾ പ്രാവർത്തികമാക്കേണ്ടത് അനിവാര്യമാണ്. സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളെ കണ്ടെത്തി കഴിവതും അതിനെ ഒഴിവാക്കുകയോ പരിഹരിക്കുകയോ ചെയ്യുക. ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്ന ചിലരുണ്ട്. അത്തരക്കാർ ദേഷ്യം ഒഴിവാക്കാൻ ശ്രമിക്കണം. പലപ്പോഴും മറ്റുള്ളവരുമായി പ്രശ്നങ്ങൾ പങ്കിടുന്നതിലൂടെ മനസിന് ആശ്വാസം ലഭിക്കും. ആരോഗ്യകരമായ ദിനചര്യയും ജീവിതരീതിയും മനസ് ശാന്തമാക്കാൻ സഹായിക്കും. പ്രിയപെട്ടവർക്കൊപ്പം സമയം ചിലവഴിക്കുക. ശരീരത്തിന്റെ ആരോഗ്യം പോലെത്തന്നെ മനസിന്റെയും ആരോഗ്യം പ്രധാനമാണ്. യാത്രകൾ, പുസ്തക വായന, പൂന്തോട്ട പരിപാലനം, സിനിമ കാണുക, പാട്ടുകേൾക്കുക തുടങ്ങി മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക. നല്ല ഉറക്കം ലഭിക്കുന്നതും മനസികാരോഗ്യം നിലനിറുത്താൻ പ്രധാനമാണ്.