
ന്യൂഡൽഹി:മദർ തേരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന ലൈസൻസ് പുതുക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതിന് പിന്നാലെ രാജ്യത്തെ ആറായിരത്തോളം എൻ. ജി.ഒകളുടെ വിദേശ സംഭാവനാ ലൈസൻസുകൾ റദ്ദാക്കി.
മിഷണറീസ് ഉൾപ്പെടെ 179 എൻ. ജി. ഒകളുടെ ലൈസൻസ് പുതുക്കാനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ നിരസിച്ചിരുന്നു. പുതുക്കാനുള്ള
സമയപരിധിയായ 2021 ഡിസംബർ 31ന് മുമ്പ് അപേക്ഷ സമർപ്പിക്കാത്ത 5789 എൻ. ജി. ഒകളുടെ ലൈസൻസ് അടക്കം മൊത്തം 5933 എൻ. ജി. ഒകളുടെ ലൈസൻസാണ് റദ്ദായത്.
ഓക്‌സ് ഫാം ഇന്ത്യ, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലെപ്രസി മിഷൻ, ട്യൂബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചർ സെന്റർ തുടങ്ങിയവ ലൈസൻസ് റദ്ദായവയിൽ ഉൾപ്പെടുന്നു.
12,989 സംഘടനകൾ പുതുക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് സമയം എടുക്കുമെന്നതിനാൽ ഇവയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
കൊവിഡും വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിൽ ( എഫ്. സി. ആർ. എ )കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭേദഗതിയും കാരണം നിരവധി എൻ. ജി. ഒകൾക്ക് ലൈസൻസ് പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി മെയിൻ ബ്രാഞ്ചിൽ എഫ്. സി. ആർ. എ അക്കൗണ്ട് നിർബന്ധമാക്കിയിരുന്നു. വാർഷിക റിട്ടേൺ സാമ്പത്തിക വർഷത്തെ ആദ്യത്തെ ഒൻപത് മാസത്തിനകം സമർപ്പിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
മതപരിവർത്തനം ചുമത്തി
മിഷണറീസിനെതിരെ
വഡോദരയിലെ ചിൽഡ്രൻസ് ഹോമിൽ ക്രിസ്ത്യാനികളല്ലാത്ത കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നു
എല്ലാ കുട്ടികളെയും ഞായറാഴ്ച കുർബാനയിൽ നിർബന്ധമായും പങ്കെടുപ്പിക്കുന്നു
മതപരിവർത്തന പരാതിയിൽ പൊലീസ് കേസെടുത്തു.പിന്നാലെയാണ് ലൈസൻസ് നിഷേധിച്ചത്. 250ലേറെ അക്കൗണ്ടുകൾ ക്രിസ്‌മസ് ദിനത്തിലാണ് മരവിപ്പിച്ചത്.
ജാർഖണ്ഡിലെ മിഷണറീസ് ഹോമിൽ പെൺകടത്ത്
പെൺകുട്ടികൾ പുറത്തുപോയി ഗർഭം ധരിച്ച് തിരികെ വന്ന് പ്രസവിക്കുന്നുവെന്ന് ആക്ഷേപം. അന്വേഷണം ആവശ്യപ്പെട്ട് 2020ൽ സുപ്രീംകോടതിയിൽ ഹർജി
ഓക്‌സ് ഫാം ഇന്ത്യ
62കോടി നഷ്‌ടമാകും
ആസ്‌ട്രേലിയ, ജർമ്മനി, ബ്രിട്ടൻ, നെതർലൻഡ്സ് ഓക്സ്‌ഫാം യൂണിറ്റുകളിൽ നിന്ന് കോടികളുടെ സംഭാവന
ലൈസൻസ് റദ്ദായതോടെ അക്കൗണ്ടിലെ 62കോടി നഷ്‌ടമാകും
ആദിവാസി, ദളിത്, മുസ്ലീം, വനിതാ ക്ഷേമ പ്രവർത്തനം നടത്തുന്നു
അസം, ബീഹാർ, ഛത്തീസ്ഗഡ്. ഒഡിഷ, യു. പി സംസ്ഥാനങ്ങളിൽ പത്ത് ലക്ഷം പേർക്ക് സഹായം
140 ചെറിയ എൻ. ജി. ഒകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി നാല് കോടി രൂപ നൽകി.
ദേശീയ താല്പര്യത്തിന് വിരുദ്ധമാകരുത്
വിദേശ സംഭാവന നിയന്ത്രണ നിയമം- 2010 അനുസരിച്ച് ഫണ്ട് സ്വീകരിക്കുന്ന സംഘടനകളോ സ്ഥാപനങ്ങളോ ദേശീയ താല്പര്യത്തിന് പ്രതികൂലമായ പ്രവർത്തനങ്ങൾക്ക് അത് വിനിയോഗിക്കാൻ പാടില്ല.
ഫണ്ട് നൽകുന്ന സംഘടനകളോ വ്യക്തികളോ അത് വിനിയോഗിക്കുന്നത് സംബന്ധിച്ച സത്യവാങ്മൂലം നൽകണം. ഇതേ ആവശ്യത്തിന് തന്നെയാണോ കിട്ടിയ ഫണ്ടുകൾ വിനിയോഗിച്ചതെന്ന് ഫണ്ട് സ്വീകരിച്ചവർ ഉറപ്പാക്കണം.
സംഭാവന വ്യക്തികളുടെയോ ഏതെങ്കിലും വിഭാഗത്തിന്റെയോ രാഷ്ട്രത്തിന്റെയോ ജീവനോ സുരക്ഷയ്ക്കോ ഭീഷണിയാകരുത്.