assunta-maresca

റോം : ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ സംഘമായ കമോറയുടെ തലപ്പത്തെത്തിയ ആദ്യ വനിതയും മുൻ സൗന്ദര്യ റാണിയുമായ അസ്സുന്ത മാരെസ്ക ( 86 ) അന്തരിച്ചു. ഡിസംബർ 29ന് പോംപെയ്ക്കടുത്തുള്ള കാസ്റ്റെല്ലമാരെ ഡി സ്റ്റാബിയയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതയായിരുന്നു.

പ്യൂപ്പെറ്റ, ലിറ്റിൽ ഡോൾ തുടങ്ങിയ അപരനാമങ്ങളിൽ അറിയപ്പെടുന്ന അസ്സുന്ത തന്റെ ഭർത്താവിന്റെ കൊലപാതകിയെ വെടിവച്ചു കൊന്നതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്ത് പ്രശസ്തയായത്. ഭർത്താവ് പാസ്ക്വൽ സിമോനെറ്റിയെ കൊന്ന ആന്റണിയോ എസ്പൊസിറ്റോയെ വെടിവച്ചു കൊലപ്പെടുത്തുമ്പോൾ വെറും പതിനെട്ട് വയസായിരുന്നു അസ്സുന്തയുടെ പ്രായം. ഒപ്പം, ആറുമാസം ഗർഭിണിയും.

കമോറയുടെ തലവനായിരുന്ന പാസ്ക്വൽ സിമോനെറ്റിയും അസ്സുന്തയും 1955 ഏപ്രിലിലാണ് വിവാഹിതരായത്. ആൽബർട്ടോ മാരെസ്ക എന്ന കുപ്രസിദ്ധ കള്ളക്കടത്തുകാരന്റെ മകളായിരുന്നു അസ്സുന്ത. നാല് സഹോദരന്മാരുടെ ഏക സഹോദരി. അസ്സുന്ത നേപ്പിൾസിൽ നടന്ന ഒരു പ്രാദേശിക സൗന്ദര്യ മത്സരത്തിൽ വിജയിയായിരുന്നു. 1955 ജൂലായിലാണ് അസ്സുന്തയുടെ ഭർത്താവ് പാസ്ക്വൽ കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിലെ ആന്റണിയോ എസ്പൊസിറ്റോ പാസ്ക്വലിന്റെ സംഘത്തിലെ മുൻ കണ്ണിയായിരുന്നു. കാർലോ ഓർലാൻഡോ എന്നയാളെ ഉപയോഗിച്ചാണ് എസ്പൊസിറ്റോ കൊല നടത്തിയത്.

കുറ്റവാളികളെ പൊലീസ് സംരക്ഷിക്കുന്നതായി വിശ്വസിച്ച അസ്സുന്ത 1955 ഓഗസ്റ്റ് 4ന് നേപ്പിൾസ് നഗര മദ്ധ്യേ വച്ച് പട്ടാപ്പകൽ എസ്പൊസിറ്റോയെ വെടിവച്ചു കൊന്നു. പിന്നാലെ അറസ്റ്റിലായ അസ്സുന്തയെ 18 വർഷം തടവിന് കോടതി ശിക്ഷിച്ചു. ' ദ ദിവ ഒഫ് ക്രൈം " എന്നാണ് അന്ന് മാദ്ധ്യമങ്ങൾ അസ്സുന്തയെ വിശേഷിപ്പിച്ചത്. ജയിലിൽ വച്ചാണ് അസ്സുന്ത മകൻ പാസ്ക്വലിനോയ്ക്ക് ജന്മം നൽകിയത്. ശിക്ഷയിൽ ഇളവ് ലഭിച്ച് 1965ൽ ജയിൽ മോചിതയായ അസ്സുന്ത ' മാഡം കമോറ " എന്ന അപരനാമത്തിൽ ക്രിമിനൽ ലോകത്ത് സജീവമായി. ഒരു സിനിമയിലും അഭിനയിച്ചു. ഇതിനിടെ അംബെർട്ടോ അമ്മച്ചുറോ എന്ന കമോറ തലവനുമായി അസ്സുന്ത പ്രണയത്തിലായി. ഈ ബന്ധത്തിൽ ഇരുവർക്കും ഇരട്ട കുട്ടികളുണ്ട്.

1974ൽ അസ്സുന്തയുടെ മൂത്ത മകൻ പാസ്ക്വലിനോയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അമ്മച്ചുറോയാണ് 18കാരനായ പാസ്ക്വലിനോയെ കൊന്നതെന്ന് കരുതുന്നു. പാസ്ക്വലിനോയ്ക്ക് അസ്സുന്തയും അമ്മച്ചുറോയും തമ്മിലുള്ള ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, കൊലയാളി അമ്മച്ചുറോ ആണെന്നതിന് തെളിവുകളില്ലായിരുന്നു. കൊലപാതകം അടക്കം ക്രിമിനൽ കുറ്റങ്ങൾ തുടർന്ന അസ്സുന്ത പലതവണ പൊലീസിന്റെ പിടിയിലായിരുന്നു. അവസാന നാളുകളിൽ പോംപെയിലെ വീട്ടിൽ ഏകയായി ജീവിക്കുകയായിരുന്നു അസ്സുന്ത.