
ടെൽ അവീവ് : കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദം ലോകരാജ്യങ്ങളെ മുൾമുനയിൽ നിറുത്തുന്നതിനിടെ ആശങ്ക ഇരട്ടിയാക്കി ഇസ്രയേലിൽ ആദ്യ ' ഫ്ലൊറോണ " കേസ് റിപ്പോർട്ട് ചെയ്തു. കൊവിഡും ഇൻഫ്ലുവൻസയും ഒരുമിച്ച് ഉണ്ടാകുന്ന അവസ്ഥയാണ് ഫ്ലൊറോണ. 30 വയസുള്ള ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി ഇതുവരെ കൊവിഡ് വാക്സിനേഷന് വിധേയമായിരുന്നില്ല എന്നാണ് റിപ്പോർട്ട്. അതേ സമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗം ഭേദമായ ഇവർ ആശുപത്രിവിട്ടെന്നുമാണ് വിവരം. ഒമിക്രോൺ പശ്ചാത്തലത്തിൽ ഇസ്രയേലിൽ കൊവിഡ് കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ദിവസമാണ് ഹൈ റിസ്ക് വിഭാഗങ്ങൾക്ക് ഇസ്രയേലിൽ കൊവിഡ് വാക്സിന്റെ നാലാം ഡോസ് നൽകിത്തുടങ്ങിയത്.