
മാഞ്ചസ്റ്റർ സിറ്റി 2-1ന് ആഴ്സനലിനെ തോൽപ്പിച്ചു
ലണ്ടൻ : പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ ആഴ്സനലിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇന്നലെ ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് സിറ്റി വിജയം കണ്ടത്. 59-ാം മിനിട്ടിൽ ഗബ്രിയേൽ മഗേയ്സ് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് ആഴ്സനൽ കളി പൂർത്തിയാക്കിയത്. 31-ാം മിനിട്ടിൽ സാക്കയിലൂടെയാണ് ആഴ്സനൽ ആദ്യ ഗോളടിച്ചത്. 57-ാംമിനിട്ടിൽ റിയാദ് മഹ്‌റേസ് പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ഇൻജുറി ടൈമിൽ റോഡ്രിയാണ് വിജയഗോളടിച്ചത്.
ഈ വിജയത്തോടെ സിറ്റിക്ക് 21 മത്സരങ്ങളിൽ നിന്ന് 53 പോയിന്റായി. ആഴ്സനൽ 20 കളികളിൽ നിന്ന് 35 പോയിന്റുമായി നാലാമതാണ്.