
വിതുര: മലയോരത്തെ വനമേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യം ഒഴുകുന്നു. ക്രിസ്മസും ന്യൂഇയറും പ്രമാണിച്ച് ലിറ്റർ കണക്കിന് ചാരായമാണ് മലയോര മേഖലയിൽ വിറ്റുപോയത്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ വനമേഖലകളിലാണ് വാറ്റ് തകൃതിയായി നടക്കുന്നുവെന്നാണ് പരാതി. ആദിവാസി സമൂഹത്തെ ചൂഷണം ചെയ്ത് ഊരുകളിൽ തമ്പടിച്ചാണ് മദ്യമാഫിയയുടെ ചാരായ നിർമ്മാണം.പൊന്മുടി, ബോണക്കാട് മലയടിവാരം എന്നീ സ്ഥലങ്ങൾ ഇവരുടെ പിടിയിലമർന്നിട്ട് നാളേറെയായി. ചാരായം കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് ഇവിടങ്ങളിൽ നിന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് കടത്തുന്നത്.എക്സൈസും പൊലീസും ഇടയ്ക്കിടെ റെയ്ഡുകൾ നടത്തി ചിലരെയെങ്കിലും പിടികൂടാറുണ്ടെങ്കിലും പുതിയ സംഘങ്ങൾ കൂണുപോലെ മുളച്ചുപൊന്തുകയാണ്. മലയോര മേഖലയിൽ നിരവധി ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചാരായത്തിനോടുള്ള പ്രിയം മുതലെടുക്കുകയാണ് ഇവർ ചെയ്യുന്നത്. യുവാക്കളാണ് ചാരായം വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്ന കാരിയർമാർ. ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം പണം ലഭിക്കുന്നതാണ് ഇവരെ മദ്യമാഫിയയുടെ കെണിയിൽ വീഴിക്കുന്നത്.
ഒരുകുപ്പിക്ക് വില 1500-2000 രൂപ
1500 മുതൽ 2000 രൂപ വരെയാണ് കുപ്പി ചാരായത്തിന്റെ വില. ലോക്ക് ഡൗൺകാലത്തും ഇതേ സ്ഥിതിവിശേഷമായിരുന്നു. ഈ കാലയളവിൽ മദ്യമാഫിയ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് മലയോരത്തുനിന്ന് കൊയ്തത്. എക്സൈസും പൊലീസും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇക്കൂട്ടരെ അമർച്ചചെയ്യുവാൻ കഴിഞ്ഞില്ല. നാടൻചാരായം വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ എത്താറുണ്ട്. ചാരായത്തിന് ഡിമാൻഡ് വർദ്ധിച്ചതോടെ മലയോരമേഖലയിലെ ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ വിൽപ്പനയും കുറഞ്ഞു.
""മദ്യലോബിയെ അമർച്ചചെയ്യുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.എക്സൈസുമായി ചേർന്ന് ശക്തമായ പരിശോധനകൾ നടത്തും.""
എസ്.ശ്രീജിത്, വിതുര സി.ഐ.