
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചതിന് പിന്നിൽ അന്നത്തെ ബി സി സി ഐ ഭാരവാഹികളും ടീം ക്യാപ്ടനായിരുന്ന എം എസ് ധോണിയുമെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. 31ാമത്തെ വയസിൽ തന്റെ പേരിൽ 400 അന്താരാഷ്ട്ര വിക്കറ്റുകളുണ്ടായിരുന്നെന്നും ചുരുങ്ങിയത് നാലോ അഞ്ചോ വർഷത്തെ ക്രിക്കറ്റ് ജീവിതം വീണ്ടും ബാക്കിയുണ്ടായിരുന്നെന്നും ഹർഭജൻ പറഞ്ഞു. എന്നാൽ തന്നെ ടീമിൽ നിന്ന് പുറത്താക്കി മറ്റൊരു സ്പിന്നറിന് അവസരം നൽകാനായിരുന്നു ബി സി സി ഐ നേതൃത്വത്തിന് താത്പര്യമെന്നും ക്യാപ്ടനായിരുന്ന എം എസ് ധോണി അതിനെ എതിർത്തില്ലെന്നും ഹർഭജൻ ആരോപിച്ചു. അന്ന് കളിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് 150 അന്താരാഷ്ട്ര വിക്കറ്റുകൾ എങ്കിലും തന്റെ പേരിൽ കൂട്ടിച്ചേർക്കാൻ സാധിക്കുമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.
അതേസമയം തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് ധോണിയല്ലെന്നും ബി സി സി ഐയിലെ ഉന്നതരായിരുന്നുവെന്നും ആ തീരുമാനത്തെ എതിർക്കാൻ സാധിക്കുമായിരുന്നിട്ട് കൂടി മറുത്തൊരക്ഷരം പറയാതെ അധികാരികളുടെ പ്രിയങ്കരനാകാനായിരുന്നു ധോണിയുടെ ശ്രമമെന്നും ഹർഭജൻ ആരോപിച്ചു. ഇന്ത്യൻ ജേഴ്സിയിൽ വിരമിക്കുക എന്നത് ദീർഘകാലം ആ കുപ്പായത്തിൽ കളിച്ച ഏതൊരു താരത്തിന്റെയും ആഗ്രഹമാണെന്നും അത് സാധിക്കാത്തതിൽ അതിയായ വിഷമമുണ്ടെന്നും ഹർഭജൻ വ്യക്തമാക്കി.
തന്നേക്കാൾ പ്രഗത്ഭരായ വി വി എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നീ താരങ്ങൾക്കും അവർ അർഹിച്ച വിടവാങ്ങൽ നൽകാൻ ബി സി സി ഐക്കോ ധോണിക്കോ താത്പര്യമുണ്ടായിരുന്നില്ലെന്ന് ഹർഭജൻ കൂട്ടിച്ചേർത്തു. ഭാവിയിൽ എന്നെങ്കിലും തന്റെ ജീവിതത്തെ കുറിച്ച് ഒരു സിനിമ പുറത്തുവരികയാണെങ്കിൽ അതിൽ വില്ലന്മാരെ തട്ടിനടക്കാൻ സാധിക്കില്ലെന്നും ഹർഭജൻ പറഞ്ഞു.