 
കൊച്ചി: ഭാര്യയുടെയും മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷമാണ്  പൂക്കച്ചവടക്കാരൻ നാരായണൻ ആത്മഹത്യാശ്രമം നടത്തിയത്. കഴുത്തിലും രണ്ട് കൈകളിലും ഇടതു കണങ്കാലിലുമുള്ള ഞരമ്പുകൾ ബ്ളേഡു കൊണ്ട് മുറിച്ച നിലയിലാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തരചികിത്സയ്ക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
നാരായണൻ കടവന്ത്രയിൽ പുഷ്പവ്യാപാരം തുടങ്ങിയിട്ട് പത്തുവർഷത്തിലേറെയായി. മൂന്ന് ടെമ്പോ ട്രാവലറുകളും സ്വന്തമായുണ്ടായിരുന്നു. പെരുമ്പളം കപ്പക്കടവിൽ പരേതനായ ജോയിയുടെയും ശാന്തയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ജോയമോൾ. നാരായണന്റെ കടയിലെ അക്കൗണ്ടന്റായിരുന്നു. പെരുമ്പളത്തെ ജോയയുടെ കുടുംബവീട്ടിൽ നാരായണൻ വീടും വച്ചിട്ടുണ്ട്.
നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയെന്ന വാർത്ത കടവന്ത്രയെ നടുക്കി. പുതുവർഷരാവിൽ സമീപത്തെ വീടുകളിലെ കുട്ടികൾക്കൊപ്പം കളിച്ചിരുന്ന കുഞ്ഞുങ്ങൾ ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകിട്ടും വീടിന് തൊട്ടടുത്തുള്ള മട്ടമ്മൽ ഭഗവതി ക്ഷേത്രത്തിൽ തൊഴാനെത്തിയിരുന്നു.