nasa

ആഘോഷങ്ങളോടെ ലോകമെങ്ങും 2022നെ വരവേറ്റപ്പോൾ അങ്ങ് ബഹിരാകാശത്തും പുതുവത്സരം ആഘോഷിക്കാതിരിക്കുന്നതെങ്ങനെ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് പുതുവത്‌സരാഘോഷം നടന്നത്. 21 വർഷമായി ബഹിരാകാശ നിലയിൽ പുതുവത്സരാഘോഷം നടക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത്തവണ ബഹിരാകാശത്തെ ആഘോഷത്തിൽ പത്ത് പേരാണ് പങ്കെടുത്തത്. ഭൂമിയിലെ ആഘോഷത്തിന് ഇത് ഒരുചെറിയ സംഖ്യ ആണെങ്കിലും അവിടെ അങ്ങനെയല്ല. ചരിത്രത്തിൽ ആദ്യമായാണ് ബഹിരാകാശത്ത് പത്ത് പേർ പങ്കെടുത്ത പുതുവത്സരാഘോഷം നടക്കുന്നത്. റഷ്യൻ സ്പേസ് ഏജൻസ് റോസ്‌കോസ്‌മോസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

അന്താരാ‌‌ഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏഴുപേരും ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാങ്കോംഗിൽ മൂന്നുപേരുമാണ് ഹാപ്പി ന്യൂ ഇയർ പറഞ്ഞത്. റഷ്യയുടെ ആന്റൺ ഷ്‌കാപ്ലെറോവ്, പ്യോട്ടർ ഡുബ്രോവ്,​ നാസയുടെ മാർക്ക് വാൻഡ്ഹേ, തോമസ് മാർഷ്ബേൺ, രാജാ ചാരി, കെയ്‌ല ബാരൺ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മത്യാസ് മൗറർ എന്നിവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോംഗിൽ ഹായ് സിഗാങ്, വാങ് യാപ്പിംഗ്,​ ഗുവാങ്‌ഹു എന്നിവരാണ് പുതുവത്സരാഘോഷത്തിൽ പങ്കെടുത്തത്. മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷം എന്നാണ് റോസ്‌കോസ്മോസ് ഇതിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ 21 വർഷത്തിനിടെ 83 പേരാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ പുതുവർഷ രാവ് ചെലവഴിച്ചത്, ഒന്നിലധികം തവണ പങ്കെടുത്തവരുമുണ്ട്. റഷ്യൻ ബഹിരാകാശയാത്രികനായ ആന്റൺ ഷ്കാപ്ലെറോവ് ഇത്തവണത്തേത് ഉൾപ്പെടെ നാല് പുതുവർഷമാണ് ബഹിരാകാശത്ത് ആഘോഷിച്ചത്. 2012, 2015, 2018 പുതുവർഷത്തിലും അദ്ദേഹം ബഹിരാകാശ നിലയത്തിലായിരുന്നു.

യൂറി റൊമാനെങ്കോയും ജോർജി ഗ്രെക്കോയും ആയിരുന്നു. ആദ്യമായി ഭ്രമണപഥത്തിൽ പുതുവർഷം ആഘോഷിച്ച ആദ്യ ബഹിരാകാശയാത്രികർ. 1977-1978 കാലഘട്ടത്തിലായിരുന്നു ഇത്.