covid-19

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കാൽലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ പ്രതിദിന കേസിൽ നാലിരട്ടി വർദ്ധനവാണുണ്ടായത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് ബംഗാളാണ്. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4,512 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഡൽഹിയിൽ ഇന്നലെ 2,716 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനം വർദ്ധനവാണ് ഉണ്ടായത്. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ കേന്ദ്ര സ‌ർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.