
തിരുവനന്തപുരം: സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. കോവളം സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത്, മനീഷ് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോവളത്തിന് സമീപം ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീവ് ആസ് ബെർഗിനെയാണ് ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോൾ പൊലീസ് തടഞ്ഞത്.
പൊലീസ് പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ബിവറേജിൽ നിന്നും ബിൽ വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ചെവികൊണ്ടില്ല. കുപ്പിയടക്കം വലിച്ചെറിയാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഇതോടെ സ്റ്റീവ് തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് വഴിയിൽ ഒഴുക്കി കളഞ്ഞു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ പകർത്തുന്നത് കണ്ടതോടെ മദ്യം കളയണ്ട ബിൽ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സ്റ്റീവ് ബിവറേജിൽ എത്തി ബിൽ വാങ്ങി തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു.
മദ്യത്തിന് ബില്ലില്ലെന്ന് കാണിച്ച് പൊലീസ് മോശമായി പെരുമാറിയതിൽ വളരെയേറെ സങ്കടമുണ്ടെന്ന് സ്റ്റീവ് ആസ്‌ബെർഗ് പ്രതികരിച്ചു. ഇത്തരം അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. താൻ നാലു വർഷമായി കോവളത്ത് ഹോം സ്റ്റേ നടത്തുകയാണ് . തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കിക്കളഞ്ഞിട്ടും ബിവറേജിൽ നിന്ന് ബില്ല് വാങ്ങി സ്റ്റേഷനിൽ ഹാജരാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബില്ലില്ലാതെ മദ്യം കൊണ്ട് പോകരുതെന്നും, ഹോംസ്റ്റേകളിൽ പുതുവത്സരത്തോട് അനുബന്ധിച്ച് മദ്യം പാടില്ലെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ സ്റ്റീവ് നൽകിയെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പറയുന്നത്.