dna-test

കാഞ്ഞങ്ങാട്: ഭിക്ഷാടനമാഫിയ പിടിമുറുക്കിയെന്ന സൂചനയെ തുടർന്ന് കാഞ്ഞങ്ങാട്ട് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത രണ്ടുകുട്ടികളേയും ഇവരുടെ മാതാവെന്ന് അവകാശപ്പെട്ട സ്ത്രീയ്ക്കും ഡി.എൻ.എ പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് എട്ടും പതിനെട്ടും വയസുള്ള രണ്ട് കുട്ടികളെ ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടികളെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഭിക്ഷാടനത്തിന് അയച്ച തമിഴ്നാട് സ്വദേശി മല്ലിക(38) യേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തന്റെ മക്കളാണെന്നാണ് മല്ലിക പൊലീസിന് നൽകിയ മൊഴി. തനിക്ക് ഒൻപതുമക്കളുണ്ടെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇവരെയെല്ലാം ഭിക്ഷാടനത്തിന് ഇറക്കുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കാനാണ് മൂന്നുപേരെയും ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചതെന്ന് ഡിവൈ.എസ്.പി ഡോ.വി.ബാലകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു.

വീണ്ടും സജീവമായി ഭിക്ഷാടനമാഫിയ

കൊവിഡിനെ തുടർന്ന് ഇടക്കാലത്ത് നിലച്ചിരുന്ന ബാലഭിക്ഷാടനം സജീവമായ സാഹചര്യത്തിലാണ് പൊലീസ് ഇടപെടൽ. ചിൽഡ്രൻ ആൻഡ് പൊലീസ് പദ്ധതിപ്രകാരമാണ് കുട്ടികളെ രക്ഷപ്പെടുത്തുന്നത്. കാസർകോട് ജില്ലയിൽ നേരത്തെ ആറു കുട്ടികളെ രക്ഷപ്പെടുത്തിയതായും ഡിവൈ.എസ്.പി പറഞ്ഞു.

കുട്ടികൾ ഭിക്ഷാടകരായി എത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്ക് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഡോ.വി.ബാലകൃഷ്ണൻ (കാഞ്ഞങ്ങാട് ഡിവൈ.എസ്.പി)