store

മലപ്പുറം: ഒരു രൂപയ്ക്ക് ഗൃഹോപകരണങ്ങൾ ലഭിക്കുമെന്ന പരസ്യം കണ്ട് വിൽപനശാലയിൽ ഇരച്ചെത്തിയത് വൻ ജനക്കൂട്ടം. തുടർന്നുണ്ടായ സംഘർഷം പൊലീസ് എത്തിയാണ് പരിഹരിച്ചത്. കൊണ്ടോട്ടി ബൈപാസ് റോഡിലെ താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ഗൃഹോപകരണ ശാലയിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഈ സ്ഥാപനം മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഒരു രൂപക്ക് വാഷിംഗ് മെഷിൻ, ഗ്യാസ് സ്റ്റൗ, മിക്‌സി, ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്നായിരുന്നു പരസ്യം. എന്നാൽ നിബന്ധനകൾക്ക് വിധേയമാണെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയാണ് ഒരു രൂപക്ക് സമ്മാനങ്ങൾ നൽകുന്നതെന്നും പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെ എത്തിയ ആളുകളാണ് ഷോപ്പിൽ സംഘർഷമുണ്ടാക്കിയത്.

സ്ഥാപനം തുറക്കുന്നതിന് മുൻപ് തന്നെ വൻ ജനക്കൂട്ടം എത്തിയിരുന്നു. ഒരു രൂപക്ക് സാധനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനകൂട്ടം എത്തിയത്. എന്നാൽ ഇത് ലഭിക്കില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ വാക്കേറ്റവും സംഘർഷവുമായി ചിലർ ചെരുപ്പുകൾ ഉൾപ്പടെ ഏതാനും വസ്തുക്കൾ അപഹരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി സംഘർഷക്കാരെ വിരട്ടി ഓടിച്ചു. വിൽപന നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നക്കാരെ സി സി ടി വി മുഖേന പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.