
കുമരകം : കുമരകത്ത് പൊലിസ് ഉദ്യോഗസ്ഥന്റ ആൾതാമസമില്ലാത്ത വീടിനു നേരെ ആക്രമണം. കുമരകം ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടാണ് സാമൂഹികവിരുദ്ധർ തകർത്തത്. വീടിന്റെ ജനൽ ചില്ലുകളും വാതിലും അടിച്ചു തകർക്കുകയും വീടിന്റെ മുന്നിലെ ചുവരിൽ മിന്നൽ മുരളി എന്ന് എഴുതിവയ്ക്കുകയും ചെയ്തു.
വീടിന് മുന്നിൽ മല മൂത്രവിസർജനം നടത്തുകയും ടോയ്ലറ്റ് തല്ലി തകർക്കുകയും ചെയ്തിട്ടുണ്ട് . കോട്ടയംറെയിൽവേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും കുടുംബവും ഇപ്പോൾ ഇവിടെ താമസിക്കുന്നില്ല. മുംബയ് സ്വദേശി ഇവിടെയുള്ള സ്ഥലങ്ങൾ റിസോർട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകൾ പൊളിച്ചു നീക്കി. ഇതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞ രാത്രി കുമരകം പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപാനികളെ കണ്ടെത്തി ഇവിടെ നിന്നും ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണത്തിന്റെ പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്.ഐ. എസ്.സുരേഷ് പറഞ്ഞു .