m-y-yohannan

കൊച്ചി: പ്രശസ്ത സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്ന പ്രൊഫസർ എം വൈ യോഹന്നാൻ (84) അന്തരിച്ചു.വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചത്തിനെത്തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക്സ് ചെയർമാൻ കൂടിയായിരുന്നു പ്രൊഫസർ എം വൈ യോഹന്നാൻ. 100ൽപരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കോലഞ്ചേരി കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രൊഫസർ എം വൈ യോഹന്നാൻ ജനിച്ചത്. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബി എഡിൽ യൂണിവേഴ്സിറ്റി റാങ്കും നേടി.

1964ൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ അദ്ധ്യാപന ജീവിതം ആരംഭിച്ചു. 33 വർഷത്തെ അദ്ധ്യാപനത്തിനുശേഷം 1995ൽ ഇതേ കോളജിൽ പ്രിൻസിപ്പലായി ചുമതലയേറ്റു. 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ പ്രവർത്തകനായിരുന്നു. പതിനേഴാം വയസുമുതൽ സുവിശേഷ പ്രഘോഷണ രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു.