
ബീജിംഗ് : കൊവിഡിന്റെ ഈറ്റില്ലമായ ചൈന ഇക്കുറി രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. 'സീറോ കൊവിഡ്'നടപ്പിലാക്കുന്നതിനായി രോഗബാധ കണ്ടെത്തുന്ന ഇടങ്ങളിൽ കർശനമായ വ്യവസ്ഥകളോടെ ലോക്ഡൗൺ നടപ്പിലാക്കുകയാണ് ഇപ്പോൾ. അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള വിന്റർ ഒളിമ്പിക്സ് കൊവിഡ് കാരണം മാറ്റി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലുള്ളതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വിന്റർ ഒളിമ്പിക്സ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എന്ത് വില കൊടുത്തും മുന്നോട്ട് പോകുവാനാണ് ചൈനയുടെ നീക്കം.
ചൈനയുടെ വടക്കൻ നഗരമായ സിയാനിലാണ് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് അവരുടെ വീടുകൾ വിട്ട് പുറത്ത് പോകാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം വാങ്ങുന്നത് ഉൾപ്പടെയുള്ള അവശ്യ കാരണങ്ങളിൽ പോലും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവർക്ക് ക്രൂരമായ ശിക്ഷകളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് പത്ത് ദിവസത്തെ തടവും 500 യുവാൻ പിഴയും ശിക്ഷയായി ലഭിക്കും.
ഒമിക്രോൺ രോഗബാധ ലോകരാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കുന്ന അവസരത്തിലാണ് ചൈന 'സീറോ കൊവിഡ്' നയം കർക്കശമാക്കിയത്. ചൈനയിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സിയാൻ. 2021 ഡിസംബർ ഒൻപത് മുതൽ സിയാനിൽ ആകെ 1,451 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ചൈന ഈ നഗരത്തിൽ മുൻകരുതൽ ശക്തമാക്കിയത്. രോഗബാധ തടയാൻ 160,000ത്തിലധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ 12,000 ടെസ്റ്റിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. എന്നാൽ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വേഗത്തിൽ പടരുമെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്.