
തഞ്ചാവൂർ : രാജേന്ദ്ര ചോള രാജാവിന്റെ കാലത്തുണ്ടാക്കിയതെന്ന് കരുതപ്പെടുന്ന മരതക ശിവലിംഗം തഞ്ചാവൂരിലെ പ്രമുഖ വ്യവസായിയുടെ ലോക്കറിൽ നിന്നും പൊലീസ് കണ്ടെടുത്തു. തമിഴ്നാട് എഡിജിപി കെ ജയന്ത് മുരളിയുടെ നേതൃത്വത്തിലുള്ള സിഐഡി വിഭാഗമാണ് തഞ്ചാവൂരിലെ ഒരു വീട്ടിൽ പുരാതന വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് റെയിഡ് നടത്തിയത്. കണ്ടെടുത്ത വിഗ്രഹത്തിന് അഞ്ഞൂറ് കോടിയുടെ മൂല്യമുണ്ടെന്നാണ് കരുതുന്നത്.
നാഗപട്ടണത്തിനടുത്തുള്ള തിരുക്കുവളൈയിലുള്ള ശ്രീ ത്യാഗരാജ സ്വാമി ക്ഷേത്രത്തിൽ നിന്നും 2016ൽ കാണാതായ വിഗ്രഹമാണ് ഇപ്പോൾ കണ്ടെടുത്തതെന്നാണ് കരുതുന്നത്. ഉദ്ദേശം ആയിരം വർഷമെങ്കിലും പഴക്കമുള്ള വിഗ്രഹത്തിന്റെ മൂല്യം നിർണയിക്കുവാൻ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.