nss-

തിരുവനന്തപുരം: മന്നം ജയന്തി സമ്പൂര്‍ണ്ണ അവധിയാക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ. മന്നം ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യം ദീർഘകാലമായി എൻഎസ്എസ് ഉന്നയിക്കുകയാണെന്നും എന്നാൽ ഇതിന് അനുകൂലമായ നടപടി സർക്കാർ കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഎസ്എസിന് വേണ്ട പരിഗണന നൽകാത്തവർ മന്നത്തെ നവോത്ഥാന നായകനാക്കി ഉയർത്തികാട്ടുന്നു. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും എന്ന് കരുതുന്നതായി എൻഎസ്എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 145ാം മന്നം ജയന്തി ദിനത്തിൽ പൊതു അവധി എന്ന വിഷയമാണ് പ്രധാനമായും എൻഎസ്എസ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി നൽകുന്ന കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് ശുപാർശ നൽകേണ്ടത്. എന്നാൽ നിലവിൽ 15 പൊതു അവധികളുണ്ട്. ഇതിൽ അധികം അവധികൾ നൽകാൻ പരിമിതിയുണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സർക്കാരിന്റെ ശുപാർശ വന്നാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്നാണ് എൻഎസ്എസ് വ്യക്തമാക്കുന്നത്.