
ഭോപ്പാൽ: ബലൂൺ നിറയ്ക്കാനുള്ള സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില ഗുരുതരം. പുതുവത്സര ആഘോഷങ്ങൾക്കിടെ ആളുകൾ തിങ്ങിനിറഞ്ഞ് നിന്നിരുന്ന സ്ഥലത്ത് വിൽപ്പനക്കാരൻ ബലൂൺ നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ആണ് സംഭവം.
നിരവധി കുട്ടികൾ ബലൂൺ വാങ്ങുന്നതിനായി വിൽപ്പനക്കാരന് ചുറ്റും കൂടിയിരുന്നു. അപകടത്തിൽ പരിക്കേറ്റ എട്ടുവയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അതിതീവ്രമായ പൊട്ടിത്തെറിയിൽ കടയുടെ സമീപത്തെ ചുമരുകൾ തകർന്നിരുന്നു. സിലിണ്ടറിൽ ഹൈഡ്രജൻ വാതകം തെറ്റായ രീതിയിൽ കലർത്തിയതാണ് പൊട്ടിത്തെറിയ്ക്ക് കാരണമെന്നാണ് നിഗമനം. തകർന്ന സിലിണ്ടറിന്റെ ഭാഗങ്ങൾ പരിശോധനയ്ക്കായി അയച്ചു.