house

തിരുവനന്തപുരം: മുഖ്യമന്ത്രിയുൾപ്പടെ സംസ്ഥാനത്തിന് 21 മന്ത്രിമാരുണ്ടെങ്കിലും ഔദ്യോഗിക വസതികൾ ഇരുപതേയുള്ളൂ. ഈ സാഹചര്യത്തിൽ ഒരു മന്ത്രി മന്ദിരം കൂടി പണിയാനാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ മന്ത്രി വി അബ്ദുറഹ്മാൻ വാടകവീട്ടിലാണ് താമസം. ഇദ്ദേഹത്തിന് വേണ്ടിയാണ് പുതിയ വസതി.

മന്ത്രി വി ശിവൻകുട്ടിയുടെ റോസ് ഹൗസ് വളപ്പിലാകും അബ്ദുറഹ്മാന്റെയും വസതി. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ വളപ്പിൽ ഏഴ് മന്ത്രി മന്ദിരങ്ങൾ കൂടിയുണ്ട്. പെരിയാർ, പ്രശാന്ത്, പൗർണമി, നെസ്റ്റ്, അശോക, പമ്പ, എസ്സെൻ ഡെൻ എന്നിവയാണ് ക്ലിഫ് ഹൗസ് വളപ്പിലുള്ളത്.

പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് വളപ്പിൽ നാല് മന്ത്രിമന്ദിരങ്ങൾ (കാവേരി, ഗംഗ, നിള, ഗ്രെയ്‌സ്) ഉണ്ട്. രാജ്ഭവനടുത്തായിട്ടാണ് മൻമോഹൻ ബംഗ്ലാവും അജന്തയും കവടിയാർ ഹൗസുമുള്ളത്.

രണ്ട് മന്ത്രിമാരുടെ വസതികൾ നന്ദൻകോടും, വഴുതക്കാട് മൂന്ന് പേരുടെ മന്ദിരങ്ങളുമാണ് ഉള്ളത്. അബ്ദുറഹ്മാന് മാത്രമേ ഔദ്യോഗിക വസതികൾ ഇല്ലാത്തതായിട്ടുള്ളു. വഴുതക്കാട്ടെ വാടകവീട്ടിലാണ് അബ്ദുറഹ്മാൻ ഇപ്പോൾ താമസിക്കുന്നത്. ഭീമമായ വാടക തുക ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ വസതി പണിയാൻ സർക്കാർ തീരുമാനിച്ചത്. വീടു നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.