sc

ന്യൂഡൽഹി: മുന്നാക്ക സംവരണത്തിന് നിലവിലെ നിബന്ധനകൾ ഈ വർഷം ബാധകമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. മെഡിക്കൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും രാജ്യമൊട്ടാകെ ഈ നിബന്ധനകൾ തന്നെയായിരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

മുന്നാക്ക സംവരണത്തിനുള്ള നിബന്ധനകൾ ഈ വർഷം മാറ്റിയാൽ പ്രവേശനം നേടുന്നതിനും, നീറ്റ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് കോളേജ് അനുവദിക്കുന്നതും സങ്കീർണമാകുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാർ ജോലിയിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി എട്ട് ലക്ഷം രൂപയായി തുടരണമെന്ന ശുപാർശ ഉൾപ്പടെ കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.


അഖിലേന്ത്യാ ക്വാട്ട മെഡിക്കൽ പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.