
പത്തനംതിട്ട: സംസ്ഥാനത്ത് നിലവിൽ ഒമിക്രോൺ സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
മുതിർന്നവർക്കുള്ള കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് വിതരണം ജനുവരി 10 മുതൽ ആരംഭിക്കും. 15 വയസിന് മുകളിൽ പ്രായമായ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 15 മുതൽ 18 വരെ പ്രായമുള്ളവർക്കായി കൊവിൻ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോര്‍ട്ട് രജിസ്ട്രേഷൻ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനെടുക്കാനുള്ള അവസരം ഒരുക്കും. കൗമാരക്കാർക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങളിൽ തിരിച്ചറിയാൻ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. എന്തെങ്കിലും കാരണത്താൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ അത് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
വാക്സിനായുള്ള രജിസ്ട്രേഷനിൽ ഉൾപ്പെടാത്ത കുട്ടികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നും ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.