tata-

രാജ്യത്തെ കാർ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സിന് സ്വപ്ന നേട്ടം. 2021 ഡിസംബർ മാസത്തിലെ വിൽപ്പനയിലൂടെ രാജ്യത്തെ രണ്ടാമത്തെ കാർ നിർമ്മാതാക്കളെന്ന സ്ഥാനമാണ് ടാറ്റ സ്വന്തമാക്കിയത്. ഹ്യുണ്ടായിയെയാണ് ഇതിനായി ടാറ്റ മറികടന്നത്. 35,300 യൂണിറ്റാണ് ഡിസംബറിൽ ടാറ്റ വിൽപ്പന നടത്തിയത്. അതേസമയം ഇക്കാലയളവിൽ ഹ്യൂണ്ടായ് 32,312 യൂണിറ്റുകൾ വിറ്റഴിച്ചു.

2021ലെ മൊത്തം കണക്കെടുത്താലും ടാറ്റയ്ക്ക് നേട്ടമാണ് ഉണ്ടായത്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനി 99,002 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പനയാണിത്. അതേസമയം 2021 കലണ്ടർ വർഷത്തിൽ 3.31 ലക്ഷം യൂണിറ്റുകൾ വിറ്റു, ഇതും ടാറ്റയുടെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയാണ്.

ലോകത്തെമ്പാടുമുള്ള വാഹന നിർമ്മാതാക്കൾ ചിപ്പുകളുടെ ക്ഷാമം നേരിടുമ്പോഴാണ് ടാറ്റയുടെ വിൽപന കുതിച്ചുയരുന്നത് എന്നതും ശ്രദ്ധേയമാണ്. 2020 ഡിസംബറിൽ 23,545 യൂണിറ്റ് വിറ്റ ടാറ്റയുടെ പ്രകടനത്തെ ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം വർദ്ധനവാണ് ഉള്ളത്.

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതും ടാറ്റയ്ക്ക് നേട്ടമായി. 2021 ഡിസംബറിൽ 2,255 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. 2020 ഡിസംബറിൽ ഇത് കേവലം 418 യൂണിറ്റായിരുന്നു. 439 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ ടാറ്റയ്ക്ക് ഉണ്ടായിരിക്കുന്നത്.