meenmutty

കണ്ണാടി പോലെ തെളിഞ്ഞതും മരംകോച്ചുന്ന തണുപ്പുള്ളതുമായ വെള്ളത്തിലിറങ്ങാൻ ആരാണ് കൊതിക്കാത്തത്. കൂട്ടിന് പ്രകൃതിയുടെ കുളിർമയും പച്ചപ്പും. ഇതെല്ലാം ഒരുപോലെ ആസ്വദിക്കാനാകുന്ന സ്ഥലമാണ് മീൻമുട്ടി. പൊൻമുടിയിലേക്കുള്ള യാത്രയിൽ സഞ്ചാരികളെ സ്വാഗതം ചെയ്ത് മീൻമുട്ടിയുണ്ടാകും. ഇവിടെ ഇറങ്ങിയതിന് ശേഷമേ മിക്കവരും പൊൻമുടിയിലേയ്ക്ക് പോവുകയുള്ളൂ.

meenmutty

കുമ്മിൾ പഞ്ചായത്ത് അതിർത്തിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടമുള്ളത്. കിളിമാനൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേയ്ക്ക് ഏകദേശം അഞ്ചര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തുളിക്കുഴിയിൽ എത്തും. ഇവിടെ നിന്നും അഞ്ഞൂറ് മീറ്റർ സഞ്ചരിച്ച് മീൻമുട്ടിയിൽ എത്താം.

meenmutty

ചിറ്റാറിന്റെ കൈവഴികളിലൊന്ന് വേനലിൽ മെലിഞ്ഞ് എന്നാൽ മഴക്കാലത്ത് ആർത്തലച്ച് തുളിക്കുഴി മീൻമുട്ടിയിൽ വെള്ളച്ചാട്ടമായി രൂപപ്പെടുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തായി ഭീമനൊരു ആൽമരം തണൽവിരിച്ചു നിൽക്കുന്നതിനാൽ നട്ടുച്ചയ്ക്കും ഇവിടെ കൊടുംത്തണുപ്പാണ്. ശ്രീനാരായണ ഗുരുദേവനുമായി ഈ സ്ഥലത്തിന് ബന്ധമുണ്ട്. അടയമൺ സന്ദർശനത്തിനുശേഷം ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപമായി ധ്യാനനിരതനാവുകയും ഗുരുവിനെ സന്ദർശിക്കാനെത്തിയ ദളിതരോടൊപ്പം ഭക്ഷണം കഴിച്ചതായും പറയപ്പെടുന്നു. ദളിതരെ ഇരുന്നൂട്ടിയ സ്ഥലമായതിനാൽ ഇരുന്നൂട്ടി എന്ന പേരും ഈ സ്ഥലത്തിനുണ്ട്. മാർബിൾ പോലെ മിനുസമുള്ള കല്ലുകളും പാറക്കൂട്ടങ്ങളും ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നു.

meenmutty