
പാറുവമ്മ എന്ന എഴുപത്തിരണ്ടുകാരിയാണ് അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഈ പ്രായത്തിൽ രോഗങ്ങളോട് മല്ലടിച്ച് ജീവിതം അവസാനിച്ചുവെന്നു കരുതി പലരും കഴിഞ്ഞുകൂടുമ്പോൾ അടിപൊളിയൊരു സാഹസിക പറക്കൽ നടത്തിയതിന്റെ ചാരിതാർത്ഥ്യമാണ് പാറുവമ്മയ്ക്ക്. തന്റെ കുട്ടിക്കാലത്ത് കഴിയാതെ പോയ പലതും ജീവിതത്തിന്റെ അവസാന ഘട്ടത്തിലെങ്കിലും സാധിക്കണമെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ. അതിന് വസ്ത്രം പോലും തടസമാകുന്നില്ല ഈ എഴുപത്തിരണ്ടുകാരിക്ക്.
സാരിയുടുത്ത് നേരെച്ചൊവ്വെയൊന്ന് നടക്കാൻ പോലും അറിയില്ലാത്തവരാണ് ഇന്നത്തെ ന്യൂജൻ ചെറുപ്പക്കാരികൾ.എന്നാൽ ഒരു സെറ്റ് സാരി ഉടുത്ത് സിപ്പ് ലൈനിൽ പറന്ന് ആളുകളെ അമ്പരപ്പിക്കുകയാണ് പാറുവമ്മ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സിപ്പ് ലൈനിൽ കയറണമെന്ന ആശയുമായി നിന്ന പാറുവമ്മയുടെ ആഗ്രഹം സഫലമാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേർ പാറുവമ്മയ്ക്ക് അഭിനന്ദനം നേർന്നു.