
ഭോപ്പാൽ: ഇരുപത്തിരണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് 190 വർഷം ശിക്ഷ വിധിച്ച് കോടതി. സാത്ന സ്വദേശി ഷംസുദ്ദീനാണ് (47) ശിക്ഷ ലഭിച്ചത്. പത്തൊൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബസ് ഉടമയ്ക്ക് പത്ത് വർഷം തടവും കോടതി വിധിച്ചു.
2015 മെയിലാണ് ബസ് അപകടമുണ്ടായത്. മദ്ധ്യപ്രദേശിലെ പന്നായിൽ നടന്ന അപകടത്തിൽ 22 പേർക്ക് ജീവൻ നഷ്ടമായി. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 65 യാത്രക്കാരുമായി സഞ്ചരിച്ച ബസ് മഡ്‌ല ഹില്ലിന് സമീപം വറ്റിവരണ്ട കനാലിലേയ്ക്ക് മറിയുകയും തീ പിടിക്കുകയുമായിരുന്നു.
കമ്പികൾ ഘടിപ്പിച്ചിരുന്നതിനാൽ ബസിന്റെ എമർജൻസി വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിന് സമീപം അധികമായി സീറ്റുകളും ഉണ്ടായിരുന്നു. ഇക്കാരണത്താൽ അപകടമുണ്ടായപ്പോൾ യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. അമിതവേഗത്തിലാണ് ബസ് ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. വേഗം കുറയ്ക്കാൽ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ലെന്നും പരാതി ഉയർന്നിരുന്നു.