
മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ബോട്ടിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ വള്ളം കണ്ടെത്തുകയായിരുന്നു.
പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസർ എന്നിവരെ ബേപ്പൂരിനടുത്തെ കടലിൽ കാണാതാവുകയായിരുന്നു. എൻജിൻ തകരാറിനെ തുടർന്ന് വള്ളം കൃത്യമായി കരയ്ക്ക് അടുപ്പിക്കാൻ സാധിക്കാത്തതാണ് പ്രശ്നമായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.കോസ്റ്റ് ഗാർഡും തീരദേശ പൊലീസും തെരച്ചിൽ നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളികൾ കാണാതായ വള്ളം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ചയാണ് മൂന്ന് പേരും മീൻ പിടിക്കാൻ പോയത്. ഇന്നലെ തിരിച്ചെത്താത്തതിനെത്തുടർന്ന് വള്ളത്തിന്റെ ഉടമ ഷഫീഖ് കോസ്റ്റ് ഗാർഡിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പട്രോൾ ബോട്ടുകൾ കഴിഞ്ഞ ദിവസം തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായവരെ കണ്ടെത്തിയത്.